കോവളം: ഒത്തുകൂടലിനിടെ പുളിങ്കുടി ആഴിമല കടലിൽ കാണാതായ പുല്ലുവിള ഇരയിമ്മൻതുറ വർഗീസിന്റെ മകൻ സന്തോഷിനു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. സന്തോഷിനൊപ്പം കാണാതായിരുന്ന മനു, ജോൺസൺ ക്ലീറ്റസ്, സാബു എന്നിവരുടെ മൃതദേഹങ്ങൾ കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയിരുന്നു.പുല്ലുവിള സ്വദേശിയായ ജോൺസൺ ക്ലീറ്റസ് പഠനത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച യു.കെ യിലേക്ക് പോകാനിരിക്കുകയായിരുന്നു. ആ സന്തോഷം പങ്കിടാനായിരുന്നു കൂട്ടുകാർ ഒത്തുകൂടിയത്. മരിച്ച മനുവിന് കൊവിഡ് സ്ഥിരീകരിതോടെ തീരദേശ പൊലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്.ഐയും ഒരു പൊലീസുകാരനും നാല് കോസ്റ്റൽ വാർഡൻമാരും നിരീക്ഷണത്തിലായി. ഇവരാണ് കടലിൽ നിന്ന് മനുവിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചത്. മറൈൻ എൻഫോഴ്സ്‌മെന്റും തീരദേശപൊലീസും ഇന്നലെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും സന്തോഷിനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയിലും ഇന്നും തെരച്ചിൽ തുടരുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.