തിരുവനന്തപുരം: സന്യാസിയും നവോത്ഥാന നായകനുമായ ചട്ടമ്പിസ്വാമികൾക്ക് തലസ്ഥാനത്ത് സർക്കാർ നേതൃത്വത്തിൽ പ്രതിമ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണഗുരു പ്രതിമ അനാവരണ ചടങ്ങിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഇതിനായുള്ള സ്ഥലം സർക്കാർ ഉടനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ശില്പി ഉണ്ണി കാനായിയെ മുഖ്യമന്ത്രി പൊന്നാടയും ഫലകവും നൽകി ആദരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മേയർ കെ.ശ്രീകുമാർ, എം.എൽ.എ മാരായ വി.എസ്. ശിവകുമാർ, വി.കെ.പ്രശാന്ത്, ഒ.രാജഗോപാൽ, ലളിതകല അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിച്ചു. സാംസ്കാരികവകുപ്പ് സെക്രട്ടറി റാണിജോർജ് സ്വാഗതവും ഡയറക്ടർ ടി.ആർ.സദാശിവൻനായർ നന്ദിയും പറഞ്ഞു.
താത്കാലിക ഗ്ലാസ് മേൽക്കൂരയോടെയാണ് ഗുരുദേവ പ്രതിമ അനാവരണം ചെയ്തത്. സ്ഥിരം മണ്ഡപം പിന്നീട് നിർമ്മിക്കും. 1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിച്ചത്. പൂന്തോട്ടവും സന്ദർശകർക്കായി ഇരിപ്പിടവും ഇതോടൊപ്പം ഒരുക്കും. ചുറ്റുമതിലിൽ ഗുരുവിന്റെ ജീവചരിത്രം വിവരിക്കുന്ന 25ലധികം ചുമർ ശില്പങ്ങളും സ്ഥാപിക്കും.