kv-santhi

തിരുവനന്തപുരം: വർഷം 1953. കൊൽക്കത്തയിലെ പ്രശസ്തമായ ഉദയശങ്കർ രവിശങ്കർ നാട്യ കേന്ദ്രത്തിൽ നൃത്തോത്സവം നടക്കുകയാണ്. മുഖ്യാതിഥി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു. ക്ലാസിക് നൃത്തച്ചുവടുകൾകൊണ്ട് സദസിന്റെ കരഘോഷം നേടിയ നർത്തകിയെ നെഹ്‌റുവും ശ്രദ്ധിച്ചു. നൃത്തം കഴിഞ്ഞപ്പോൾ നർത്തികയെ മുന്നിലേക്ക് വിളിച്ച് അഭിനന്ദിച്ചു.- കെ.വി.ശാന്തിയെന്ന മലയാളി പെൺകൊടിയായിരുന്നു ആ ഭാഗ്യവതി. അതിനുശേഷമാണ് ഹിന്ദി സിനിമകളിൽ നൃത്ത വേഷങ്ങളിലേക്ക് കോട്ടയം ഏറ്റുമാനൂർ സ്വദേശി എ.കെ.വേലായുധൻ കാർത്യായനി ദമ്പതികളുടെ മകൾ ശാന്തി എത്തിയത്.മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരുന്നു. നൃത്തത്തോടായിരുന്നു ശാന്തിക്ക് കമ്പം. ചെന്നൈയിലെ വേദികളിൽ നിന്ന്‌ ഉത്തരേന്ത്യയിലെ വേദികളിലും പിന്നീട് വിദേശത്തെ നിരവധി വേദികളിലും നൃത്തം അവതരിപ്പിച്ചു.

അങ്ങനെയൊരു വേദിയിലെ നൃത്തം കണ്ടാണ്, ഹിന്ദി സംവിധായകൻ ആനന്ദ് താക്കൂർ തന്റെ സിനിമയായ ചോരിചോരിയിലെ ഗാനത്തിൽ നൃത്തം ചെയ്യാൻ ക്ഷണിച്ചത്. ബോളിവുഡിലെ അന്നത്തെ സ്വപ്ന ജോഡിയായ രാജ് കപൂറും നർഗീസുമായിരുന്നു പ്രധാന വേഷങ്ങളിൽ.

കാലം 1957. തിരുവനന്തപുരത്തെ നൃത്തവേദി. കെ.വി.ശാന്തിയുടെ നൃത്തം സദസിന്റെ മുൻനിരയിലിരുന്ന് ആസ്വദിച്ചവരുടെ കൂട്ടത്തിൽ പി.സുബ്രഹ്മണ്യവും ഉണ്ടായിരുന്നു.
മുട്ടത്തു വർക്കിയുടെ പ്രശസ്ത നോവലായ പാടാത്ത പൈങ്കിളി മെരിലാൻഡ് സിനിമയാക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. പ്രേംനസീറും മിസ് കുമാരിയും പ്രധാന വേഷത്തിലഭനയിക്കുന്ന ചിത്രത്തിലേക്കു ഉപനായികയെ തീരുമാനിച്ചിരുന്നില്ല. ആ നൃത്തത്തിലൂടെ ചിത്രത്തിനു ഉപനായികയായി.

അന്നു മുതൽ മെരിലാൻഡ് സിനിമകളിലെ ഒഴിവാക്കാനാകാത്ത താരമായി മാറിയ ശാന്തി, മെരിലാൻഡ് ശാന്തിയെന്നറിയപ്പെട്ടു തുടങ്ങി.മുട്ടത്തു വർക്കി, പൊൻകുന്നം വർക്കി, വൈക്കം ചന്ദ്രശേഖരൻ നായർ, നാഗവള്ളി ആർ.എസ്.കുറുപ്പ്, ജഗതി എൻ.കെ.ആചാരി, കെടാമംഗലം സദാനന്ദൻ, എസ്.എൽ.പുരം എന്നിവരുടെ സാഹിത്യ കൃതികൾ തുടർച്ചയായി സിനിമയായിരുന്ന കാലത്ത് അതിലെ നായികയോ ഉപനായികയോ ആയി ശാന്തി മലയാളത്തിരയിൽ നിറഞ്ഞുനിന്നു.