കൊച്ചി: പള്ളിലാങ്കര ഗവ.എൽ.പി സ്കൂളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ട്. പക്ഷെ ഓൺലൈൻ സംവിധാനങ്ങളുടെ ലഭ്യതക്കുറവും സാമ്പത്തികപ്രശ്നവും കാരണം മിക്ക കുട്ടികൾക്കും ക്ലാസുകൾ നഷ്ടമാവുകയാണ്.

സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന ഒരെയൊരു വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളിലാങ്കര ഗവ.എൽ.പി സ്കൂൾ. നിലവിൽ 22 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അതിൽ 16 കുട്ടികളാണ് ക്ലാസുകൾ കാണുകയും റിപ്പോർട്ട് അയക്കുകയും ചെയുന്നത്. മൂന്ന് കുട്ടികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയിരിക്കുകയാണ്.

സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്നവരാണ് കേരളത്തിലേക്ക് പണിക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളും കളക്ടറുടെ റോഷ്നി പദ്ധതി പ്രകാരം വാട്ട്സ്അപ്പ് വഴിയും ക്ലാസുകൾ ലഭിക്കുന്നുണ്ട്. ഒന്നാംക്ലാസുകളിലെ കുട്ടികൾക്കാണ് പാഠഭാഗങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ട്. മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് പാഠഭാഗങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്.

# സാമ്പത്തികം വില്ലനാകുന്നു

സാമ്പത്തികപ്രശ്നം മൂലം മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് എടുക്കാൻ പറ്റാത്തതാണ് വിദ്യാർത്ഥികൾ നേരിടുന്ന പ്രധാനപ്രശ്നം. നിരവധി ക്ലാസുകൾ അങ്ങനെ നഷ്ടമാകുന്നു. വിദ്യാർത്ഥികൾക്ക് നഷ്ടമായ ക്ലാസുകൾ ലഭ്യമാക്കുന്നതിനായി ബി.ആർ.സി വഴി അദ്ധ്യാപകരെ നിയമിച്ച് അങ്കണവാടികളിലോ വായനശാലകളിലോ കുട്ടികൾക്ക് ക്ലാസ് ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ പദ്ധതി നടപ്പിലാകുന്നതോടെ കുട്ടികൾക്ക് പഠനഭാരം കുറയുന്നതാണ്.

എല്ലാവർക്കും പഠനം

" എല്ലാ കുട്ടികൾക്കും ഒരുപോലെ ക്ലാസുകൾ ലഭ്യമാക്കാനാണ് ഞങ്ങളുടെ ശ്രമം. ഒരു പരിധിവരെ അതിന് സാധിക്കുന്നുണ്ട്. "

റസിയ ടി.എ

ഹെഡ് മിസ്ട്രസ്

പള്ളിലാങ്കര ഗവ.എൽ.പി സ്കൂൾ