തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് രോഗവ്യാപന ശരാശരി ഉയരുന്നു. ഇപ്പോഴത് രാജ്യ ശരാശരിക്കും മുകളിലാണ്. ഇക്കഴിഞ്ഞ ആഴ്ചയാണ് (ഈമാസം 12 മുതൽ 19 വരെ) രോഗബാധ രൂക്ഷമായത്. ഈ കാലയളവിൽ രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 8.7 രേഖപ്പെടുത്തിയപ്പോൾ സംസ്ഥാനത്തിത് 9.1 ആയിരുന്നു. വളരെ താഴ്ന്ന നിലയിൽ നിന്നാണ് ഈ അവസ്ഥയിലെത്തിയത്. രാജ്യത്ത് രോഗവ്യാപനത്തിൽ ഏഴാം സ്ഥാനത്താണ് കേരളം.
90 ദിവസത്തിനുള്ളിൽ രോഗവ്യാപനത്തിലുണ്ടായ വർദ്ധന ആശങ്കാജനകമാണ്. ജൂൺ ആദ്യം രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 7.4 രേഖപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് അത് 1.6 ആയിരുന്നു. ജൂലായ് മദ്ധ്യത്തോടെ സ്ഥിതി മാറി. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റ് 11ആയപ്പോൾ കേരളത്തിൽ 4.8 ആയി. ആഗസ്റ്റ് രണ്ടാം വാരം രാജ്യത്ത് 8.8 കേരളത്തിൽ 5.4.
അതേസമയം, മറ്റു സംസ്ഥാനങ്ങളെക്കാൾ രോഗവ്യാപനത്തിൽ മൂന്നുമാസം പിറകിലാണ് കേരളമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്ന് രോഗം വ്യാപിക്കാതെ ക്രമാനുഗതമായുള്ള ഉയർച്ച ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണ്.
ടെസ്റ്റ് പോസിറ്റിവിറ്റിയിൽ
കേരളത്തിന് മുന്നിൽ
മഹാരാഷ്ട്ര 24.2
കർണാടകം 13.3
മദ്ധ്യപ്രദേശ് 11.9
ആന്ധ്രാപ്രദേശ് 11.9
പഞ്ചാബ് 9.9
ഹരിയാന 9.4
വർദ്ധിക്കാതെ പരിശോധന
രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് പരിശോധനയിൽ അതിനനുസരിച്ചുള്ള വർദ്ധനയില്ല. ശരാശരി പരിശോധന 50000 ആക്കുമെന്ന് സർക്കാർ പറയുമ്പോഴും ഇനിയും അതിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അവധി ദിവസങ്ങളിൽ വളരെ കുറച്ച് പരിശോധനകളാണ് നടക്കുന്നത്.
തിരുവനന്തപുരത്ത്
കൊവിഡ് കുതിപ്പ്
തിരുവനന്തപുരത്ത് കനത്ത ആശങ്ക ഉയർത്തിയാണ് കൊവിഡ് വ്യാപിക്കുന്നത്. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണിവിടെ. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 11.26. തിരുവനന്തപുരം ജില്ലയിൽ 18.06. 100ൽ 18 പേർ രോഗികളാകുന്നു.
കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ വൻകിട നഗരങ്ങളെയും പിന്തള്ളിയാണ് തലസ്ഥാനത്തിന്റെ കുതിപ്പ്. നിലവിൽ രാജ്യത്തെ നഗരങ്ങളിൽ ഏഴാം സ്ഥാനത്താണ് തിരുവനന്തപുരം. ചെന്നൈ, മുംബയ്, കൊൽക്കത്ത നഗരങ്ങളെക്കാൾ കൂടുതൽ. അതേസമയം, ജനസംഖ്യാടിസ്ഥാനത്തിൽ ഈ നഗരങ്ങളെക്കാൾ ഏറെ പിന്നിലാണ് തിരുവനന്തപുരം.
ഈമാസം 12 മുതൽ 19വരെ തിരുവനന്തപുരത്ത് പത്തു ലക്ഷത്തിൽ 1403 പേരാണ് രോഗികളായത്. ചെന്നൈയിൽ ഇത് 991, മുംബയിൽ 1212. തലസ്ഥാനത്ത് 30 ലക്ഷമാണ് ജനസംഖ്യ. ചെന്നൈയിൽ ഒരു കോടിക്കും, മുംബയിൽ രണ്ടു കോടിക്കും മുകളിൽ. തിരുവനന്തപുരത്ത് 26,587 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 3995 പേർ ആശുപത്രികളിലും 541 പേർ വിവിധ കേന്ദ്രങ്ങളിലുമാണ്.
'തലസ്ഥാനത്തെ രോഗവ്യാപനം മൂന്നാഴ്ചയ്ക്കപ്പുറം മറ്റു ജില്ലകളിലും പ്രതീക്ഷിക്കാം. ഇതു മുന്നിൽ കണ്ടുള്ള പ്രതിരോധപ്രവർത്തനങ്ങളാണ് നടത്തേണ്ടത്.'
-ഡോ.പദ്മനാഭ ഷേണായി
റുമറ്റോളജിസ്റ്റ്, കൊച്ചി