കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിലൂടെ ലഹരി ഗുളികകൾ കടത്തിയ കേസിലെ രണ്ടും നാലും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കഴിഞ്ഞ മാസം 13ന് വഴക്കുല കയറ്റിവന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിൽ 864 ട്രമഡോൾ ഗുളികകൾ കടത്തിയ കേസിൽ അറസ്റ്റിലായ അമ്പലപ്പുഴ വെള്ളക്കിണർ വാർഡിൽ വള്ളക്കടവ് വീട്ടിൽ നഹാസ് (37), തെങ്കാശി ചെങ്കോട്ട കെ. സി. ഗുരുസ്വാമി റോഡിൽ കറുപ്പുസ്വാമി (40) എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
കേന്ദ്രമയക്കുമരുന്ന് നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ബി. സുരേഷാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. മയക്കുമരുന്നിന്റെ വിലയായ തുക രണ്ടാം പ്രതി നാലാം പ്രതിയുടെ അക്കൗണ്ടിലേക്ക് നിരവധി തവണ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയിരുന്നു. പ്രതികൾ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടാൽ മരവിപ്പിച്ച സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടും.