കാഞ്ഞങ്ങാട്: കൊന്നക്കാട് മൈക്കയം ചൈത്രവാഹിനി തോടിന് കുറുകെ നിർമ്മിക്കുന്ന വി.സി.ബി കം ട്രാക്ടർ വേയുടെ പ്രവർത്തി ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. കാസർകോട് വികസന പാക്കേജിൽ 86.67 ലക്ഷം രൂപ ചെലവിടുന്ന പദ്ധതി ചെറുകിട ജലസേചന വകുപ്പാണ് നടപ്പാക്കുന്നത്. പിന്നാക്ക മേഖലയായ ഈ പ്രദേശത്തിന്റെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും യാത്രാ സൗകര്യം ഒരുക്കുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനും വി.സി.ബി ട്രാക്ടർവേ പദ്ധതിയിലൂടെ സാദ്ധ്യമാകുമെന്നു മന്ത്രി പറഞ്ഞു.
പട്ടികജാതി-വർഗ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലെ പ്രവർത്തി സമയബന്ധിതമായി മികച്ച ഗുണനിലവാരത്തിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് ജലസംഭരണവും ഭൂഗർഭജലവിതാനവും ഉയരും. റോഡിനു കുറുകെ 12.3 മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് വി.സി.ബി രൂപകൽപന. കൂടാതെ സ്റ്റോർ ഷെഡ്ഡും ദേവഗിരി കോളനി പ്രദേശത്തെ ജനങ്ങൾക്ക് കൊന്നക്കാട് ടൗണിൽ എത്താനായി 3.3 മീറ്റർ വീതിയിൽ ട്രാക്ടർ വേയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എം. രാധാമണി അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജൻ, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മാത്യു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. തമ്പാൻ, എം.പി ജോസഫ്, എം. കുമാരൻ, ബിജു പാലാട്ട്, അരുൺ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ടി സഞ്ജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഡി.പി സ്‌പെഷ്യൽ ഓഫീസർ ഇ.പി രാജ്‌മോഹൻ സ്വാഗതവും ബളാൽ പഞ്ചായത്ത് മെമ്പർ സി.വി പ്രഭാകരൻ നന്ദിയും പറഞ്ഞു.