കാഞ്ഞങ്ങാട്: സമയവും സ്ഥലവുമില്ലെന്ന ന്യായം നിരത്തി കൃഷിയോട് മുഖം തിരിക്കുന്നവർക്ക് അസൂയയോടെ നോക്കാവുന്ന ഒരു കർഷകനാണ് മാലോം എടക്കാനത്തെ പുരയിടത്തിൽ പ്രസാദ്. ചെങ്കുത്തായ മലമുകളിൽ ഇദ്ദേഹം ചെയ്ത പ്രവൃത്തികൾ കണ്ടാൽ ആരും അമ്പരക്കും. 20 ലക്ഷം ലിറ്ററിന്റെ കൂറ്റൻ ടാങ്ക് നിർമ്മിച്ച് മത്സ്യകൃഷി നടത്തുകയാണ് ഈ കർഷകൻ.
24 മീറ്റർ നീളവും 10 മീറ്റർ വീതിയും 5 മീറ്റർ താഴ്ചയുമുള്ള ജലാശയമുണ്ടാക്കിയാണ് മീൻ കൃഷി തുടങ്ങിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ചുണ്ടാക്കിയ കുളത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് മലമുകളിലെ ഉറവക്കുഴിയിൽ നിന്നും പൈപ്പ് വഴി വെള്ളം നിറയ്ക്കുന്നത്. 19 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയും. ഇത്തരത്തിൽ 3 കുളമാണ് നിർമ്മിച്ചിട്ടുള്ളത്. സി.സി.ടി.വി കാമറ ഉൾപെടെ സ്ഥാപിക്കാൻ 9 ലക്ഷം രൂപ മുടക്കി. ഒരു കുളത്തിൽ 5000 മീൻകുഞ്ഞുങ്ങളെയാണ് ഇട്ടത്. ബാങ്ക് വായ്പയെടുത്താണ് ഈ സംരംഭം.
സമുദ്ര നിരപ്പിൽ നിന്നും 2700 അടിയോളം ഉയരമുള്ള മലമുകളിലെ പ്രസാദിന്റെ 5 ഏക്കർ ഭൂമിയിൽ തെങ്ങ്, കുരുമുളക്, കവുങ്ങ്, റബർ എന്നിവയും തഴച്ച് വളരുന്നുണ്ട്. ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രസാദ് മീൻ വളർത്താൻ മുന്നോട്ട് വന്നത്.