മോചനം കാത്ത് പേരൂർക്കട-വഴയില റോഡിൽ ഒരു ബസ് കാത്തിരിപ്പുകേന്ദ്റം
പേരൂർക്കട: നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തു നിന്നിരുന്ന വെയിറ്റിംഗ് ഷെഡ്ഡ് ഇന്നു തിരിച്ചറിയാനാകാത്ത വിധം കാടുമൂടിക്കിടക്കുന്നു. വെയിറ്റിംഗ് ഷെഡ്ഡിന്റെ മേൽക്കൂര പൂർണ്ണമായി നഷ്ടപ്പെട്ടു. ഇരിപ്പിടങ്ങളെല്ലാം മഴയും വെയിലുമേറ്റ് തുരുമ്പിച്ചു. വെയിറ്റിംഗ് ഷെഡ്ഡിന്റെ സമീപം മാലിന്യക്കൂമ്പാരവും! പേരൂർക്കട-വഴയില റോഡിൽ നെടുമങ്ങാട് ഭാഗത്തേക്ക് ജനങ്ങൾ ബസ് കാത്തുനിന്നിരുന്ന വെയിറ്റിംഗ് ഷെഡ്ഡിന്റെ അവസ്ഥയാണിത്. ഏകദേശം നാലു വർഷത്തിനുമുമ്പാണ് കെ. മുരളീധരൻ എം.എൽ.എയായിരുന്ന സമയത്ത്ത്ത് ഷെഡ്ഡ് നിർമ്മിച്ചത്. ഓരോ വർഷം കഴിയുമ്പോഴും ഷെഡ്ഡിന്റെ അവസ്ഥ പരിതാപകരമായി മാറി. ജനങ്ങൾ പൂർണ്ണമായും വെയിറ്റിംഗ് ഷെഡ്ഡ് ഉപേക്ഷിച്ചു. പകരം തണൽ ലഭിക്കുന്ന ഭാഗത്തേക്ക് മാറിനിൽക്കാൻ തുടങ്ങി. ശക്തമായ കാറ്റിലും മഴയിലും മേൽക്കൂര നിലം പൊത്തിയതോടെയാണ് വെയിറ്റിംഗ് തകർച്ച പൂർണമായത്.
ഭംഗിയായി നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ പരിചരണം അധികൃതർ ഏറ്റെടുത്ത് നടപ്പാക്കാൻ ശ്രമിച്ചില്ല. വെയിറ്റിംഗ് ഷെഡ്ഡ് പുനർനിർമ്മിക്കുകയും ഉചിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വി.കെ പ്രശാന്ത് എം.എൽ.എക്ക് നിവേദനം നൽകിയിരിക്കുകയാണെന്നു ഫെഡറേഷൻ ഓഫ് റസി. അസോസിയേഷൻസ് പേരൂർക്കട, കുടപ്പനക്കുന്ന്, അമ്പലമുക്ക്, നാലാഞ്ചിറ വികസന സമിതി ജനറൽ സെക്രട്ടറി വി. ഗോപൻ ഫ്ളാഷിനോടു പറഞ്ഞു.