ചുമ ഒരു രോഗമോ വലിയ സംഭവമോ അല്ല. ശരീരത്തിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്ന അന്യവസ്തുക്കൾ, രോഗാണുക്കൾ, പൊടി തുടങ്ങിയവയെ പുറംതള്ളാൻ ശരീരം കണ്ടെത്തുന്ന കുറുക്കുവഴിയാണ് ചുമ. അതിനാൽ ചുമയ്ക്കുന്നത് സാധാരണവുമാണ്. എന്നാൽ അധികമായാൽ ചുമയും ആപത്താണ്. പലവിധ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാകാം. പ്രത്യേകിച്ച് കൊവിഡ് കാലത്ത്
ചെറിയൊരു ചുമപോലും വലിയ വില്ലനാകാം. ചുമയുണ്ടാകുമ്പോൾ മിക്കവരും വീട്ടിലെ ചില്ലറ മുത്തശിവൈദ്യം ചെയ്തുനോക്കും. ഫലിച്ചില്ലെങ്കിൽ പരസ്യങ്ങളിൽ കാണുന്ന ചുമസിറപ്പുകളോ അല്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ ചെന്ന് ഏതെങ്കിലും സിറപ്പുകളും വാങ്ങി പരീക്ഷിക്കും. എന്നിട്ടും ചുമ മാറാതാകുമ്പോഴാണ് പലരും ഡോക്ടറെ സമീപിക്കുന്നത്.
ജലദോഷം മുതൽ കാൻസർ വരെ പല ശ്വാസകോശ രോഗങ്ങളുടെയും ലക്ഷണം ചുമയാകാം. ചുമ തന്നെ പലതരത്തിലുണ്ട്. കഫം ഉള്ളതും ഇല്ലാത്തതുമായ ചുമ.
വലിവുള്ളതും വലിവില്ലാത്തതും. രക്തം കലർന്ന കഫത്തോടുകൂടിയത്. കിടക്കുമ്പോൾ മാത്രം ഉണ്ടാകുന്നത്... ഇതിനെല്ലാം ഒരോ ലക്ഷണങ്ങളുമുണ്ട്.
സാധാരണമായ ശ്വാസകോശരോഗമാണ് ജലദോഷം. പലപ്പോഴും ഇതിനൊപ്പം ചുമയുണ്ടാകാറില്ല. എന്നാൽ മൂക്കടപ്പു കാരണം ദ്രവം തൊണ്ടയിലേക്ക് ഒലിച്ചിറങ്ങുന്നതിലൂടെ അണുബാധ ഉണ്ടാകുമ്പോഴും ചുമയുണ്ടാകും. അലർജി കാരണവും ജലദോഷം പോലെ മൂക്കൊലിപ്പും തുടർന്ന് ചുമയുമുണ്ടാകും. ശ്വാസകോശവ്യൂഹത്തിൽ അസുഖമൊന്നുമില്ലാത്തവരിലും ശ്ളേഷ്മദ്രവം സ്ഥിരം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതു വളരെ ചെറിയ അളവിലായതിനാൽ നാം അറിയാതെ തന്നെ അത് തൊണ്ടയിൽ എത്തി ഉള്ളിൽ പോകുകയാണ് പതിവ്. ഇത് സാധാരണയിൽ കവിയുമ്പോഴാണ് കഫക്കെട്ട് ഉണ്ടാകുന്നത്. അലർജി കാരണവും കഫക്കെട്ട് ഉണ്ടാക്കാം. അന്തരീക്ഷത്തിൽ നിന്നുള്ള ബാഹ്യവസ്തുക്കളും രോഗാണുബാധ കാരണമുണ്ടാകുന്ന രാസവസ്തുക്കളും ചേർന്ന് ചുമയുണ്ടാക്കുന്നു. രോഗാണുബാധയുള്ളവർ ചുമയ്ക്കുമ്പോൾ രോഗാണുക്കൾ അന്തരീക്ഷവായുവിൽ കലരുന്നു. ഇതുകാരണം സമീപത്തുള്ളവരിലേക്ക് രോഗം പകരും. ചുമച്ച് മഞ്ഞനിറമുള്ള കഫം തുപ്പുന്നതും രോഗാബാധ കാരണമാണ്. ശ്വാസകോശത്തിൽ പഴുപ്പുണ്ടായിട്ടുണ്ടെങ്കിൽ കഫത്തിന് ദുർഗന്ധവുമുണ്ടാകും.
ചെറിയ ചുമയ്‌ക്ക് പിന്നിൽ വലിയ രോഗം?
അലർജി കാരണമുണ്ടാകുന്ന ചുമ സാധാരണ തുമ്മലിനെ തുടർന്നാണുണ്ടാവുക. ഇതിനൊപ്പം വലിവു കൂടി ഉണ്ടാകുന്നതാണ് ആസ്‌തമ രോഗത്തിന്റെ ലക്ഷണങ്ങൾ. ആസ്മരോഗികൾ ചുമച്ചു തുപ്പുന്ന കഫം സാധാരണ വെള്ളനിറത്തിലുള്ളതായിരിക്കും. എന്നാൽ ഇവരിൽ രോഗാണുബാധ കൂടിയാകുമ്പോൾ കഫത്തിനു നിറവ്യത്യാസം ഉണ്ടാകും. ക്രോണിക് ബ്രോങ്കൈറ്റിസ് എന്ന അസുഖത്തിൽ ചുമയും കഫം തുപ്പലും ഒരു വർഷത്തിൽ പല പ്രാവശ്യം ഉണ്ടാവും. തക്ക ചികിത്സയിലൂടെ സുഖപ്പെട്ടാലും വീണ്ടും ഉണ്ടാകാം.
ചുമയോടുകൂടിയ രക്തം കലർന്ന കഫം തുപ്പുന്നത് വളരെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ന്യുമോണിയ, ക്ഷയം, ശ്വസനിവികാസം, കാൻസർ എന്നീ രോഗങ്ങളിൽ കഫത്തിൽ രക്തം കാണപ്പെടാം. എന്നാൽ രക്തം ഉണ്ടായിക്കൊള്ളണ മെന്ന് നിബന്ധവുമില്ല. ധാരാളം പതയുള്ള ഉമിനീരു പോലെ രക്തമില്ലാത്ത കഫം ചിലയിനം ശ്വാസകോശാർബുദത്തിൽ കാണാം.
ന്യുമോണിയയിലെ കഫം സാധാരണ മുന്തിരിച്ചാറിന്റെ നിറത്തിലുള്ളതായിരിക്കും. ശ്വാസക്കുഴലുകൾക്ക് വീക്കമുണ്ടായി തുടർച്ചയായി ചുമയും കഫം തുപ്പലുമുണ്ടാകുന്ന അസുഖമാണ് ബ്രോങ്കിയക്ടേസിസ്. ഇപ്പറഞ്ഞ രോഗങ്ങളിലെല്ലാം ചുമയും കഫം തുപ്പലും രണ്ടാഴ്ചകളിൽ കൂടുതലായി നീണ്ടുനിൽക്കും. അതിനാൽ രണ്ടാഴ്ചയിൽ കൂടുതലായി ചുമയുള്ളവർ വിശദമായ പരിശോധനകൾക്ക് വിധേയമാകേണ്ടതാണ്.
ഉയർന്ന രക്തസമ്മർദ്ദം അപൂർവമായിട്ടെങ്കിലും ചിലരിൽ ചുമയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാം. കിടക്കുമ്പോൾ മാത്രം അപൂർവമായി ചുമയുണ്ടാകുന്നത് ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് എന്ന രോഗം കാരണമാണ്. കിടക്കുമ്പോൾ വയറ്റിലെ ആസിഡും മറ്റും മുകളിലേക്ക് കടന്നുകയറുതാണ് കാരണം.
പരസ്യങ്ങളിൽ കാണുന്നതും മെഡിക്കൽ ഷോപ്പിൽ നിന്ന് ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങുന്നതുമായ മരുന്നുകൾ കഴിക്കുന്നതും രോഗം വഷളാക്കും. എന്നുമാത്രമല്ല.
ചിലപ്പോൾ രോഗം തിരിച്ചറിയാതെ പോകുകയും ചെയ്യും.
കുട്ടികളിലെ ചുമ
കുട്ടികളിൽ കാണപ്പെടുന്ന ഒരു ഗൗരവമുള്ള രോഗമാണ് വില്ലൻ ചുമ. തുടർച്ചയായി പല പ്രാവശ്യം ചുമയ്ക്കുകയും ഒരു പ്രത്യേക വിസിൽ ശബ്ദത്തോടുകൂടി ശ്വാസം ഉള്ളിലേക്കു വലിച്ചെടുക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ഇങ്ങനെ ദിവസത്തിൽ പലപ്രാവശ്യം ആവർത്തിച്ചുകൊണ്ടിരിക്കും.
ഈസ്‌നോഫീലിയ ആണ് ചുമയുണ്ടാക്കുന്ന മറ്റൊരു രോഗം. രക്തത്തിലെ ഒരു ഘടകമായ ഈസ്നോഫിൽ ഈ രോഗികളിൽ വർദ്ധിച്ച തോതിൽ കാണും.
രാത്രിയിൽ ഉറങ്ങുമ്പോൾ മാത്രം കുട്ടികളിൽ കാണുന്ന ചുമയ്ക്ക് വിരശല്യം കാരണമാകാം.
ശ്രദ്ധിക്കേണ്ടത്
ചുമയ്ക്കുന്നത് വായ് പൊത്തിക്കൊണ്ടുവേണം .
മറ്റുള്ളവരുമായി ഒരുമീറ്ററെങ്കിലും അകലം പാലിക്കണം.
തുറസായ സ്ഥലത്തും പൊതുയിടങ്ങളിലും ചുമച്ചു തുപ്പരുത്.
വാഷ്‌ബേസിനിൽ തുപ്പിയാൽ കഴുകിക്കളയാൻ മറക്കരുത്.
ചുമയുള്ളവർ രോഗികളെ സന്ദർശിക്കുന്നതും കുഞ്ഞുങ്ങളെ എടുക്കുന്നതും ഒഴിവാക്കണം.
ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.
മൂന്നാഴ്ചയിൽ കൂടുതൽ ചുമ നീണ്ടാൽ ഡോക്ടറെ നിർബന്ധമായും കാരണണം.