g

കടയ്‌ക്കാവൂർ: കനത്തമഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ ഏലാപുറം മാടത്തറ പാടശേഖരത്തിലെ കർഷകരുടെ ജീവിതം ദുരിതത്തിൽ. പാടശേഖരത്തിന് നൂറ്റമ്പതേക്കർ വിസ്തൃതിയുണ്ട്. ഇതിൽ അമ്പതേക്കറിലാണ് നെൽക്കൃഷിയുള്ളത്. എന്നാൽ മഴവെള്ളം പഴഞ്ചിറക്കുളത്തിൽ പോകാനുള്ള ബണ്ട് അടച്ചതിനാൽ പാടശേഖരത്തിലേക്ക് ഒഴുകുകയാണ്.

മഴവെള്ളം ശക്തമായി കുത്തൊലിക്കുന്നത് കാരണം പ്രധാന തോടും അരിതോടും ഇടിയുന്നത് കർഷകരുടെ ബുദ്ധിമുട്ട് ഇരട്ടിപ്പിക്കുന്നു. മഴയത്ത് ഞാറ് അഴുകുന്നത് കാരണം ജോലിക്കാരുടെ ശമ്പളവും വളവും എല്ലാം നഷ്ടത്തിലാകും. എപ്പോഴും ഇവിടത്തെ കർഷകർക്ക് നഷ്ടക്കണക്ക് മാത്രമാണുള്ളത്.

പഴഞ്ചിറ ബണ്ട് തുറക്കാൻ പലതവണ അധികാരികൾക്ക് കർഷകർ അപേക്ഷ നൽകിയെങ്കിലും അവഗണന മാത്രമായിരുന്നു ഫലം. പ്രധാന തോടിന്റെ വരിക്കുകൾ കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയുമായെത്തുന്ന കർഷകർക്ക് പഞ്ചായത്തിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുമ്പോഴാണ് ഏലാപുറം മാടത്തറ പാടശേഖരത്തിലെ കർഷകരോടുള്ള അവഗണ തുടരുന്നത്.