പാലോട്:കഴിഞ്ഞ ജൂൺ 5ന് രാത്രിയിൽ വീടിനു സമീപത്തെ തോട്ടിൽ വീണ് മരിച്ച വിതുര ഗവൺമെന്റ് യു.പി സ്കൂൾ അദ്ധ്യാപകൻ നന്ദിയോട് ഓട്ടുപാലം അത്തം ഹൗസിൽ ബിനുകുമാറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നൂറു ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. പലരെയും സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയെങ്കിലും സംശയിക്കത്തക്ക സാഹചര്യമൊന്നും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. ബിനുകുമാർ വെള്ളത്തിൽ വീണ വെള്ളിയാഴ്ച രാത്രി 9.25 വരെ നന്ദിയോട്ടുള്ള സ്വകാര്യ ട്യൂഷൻ സെന്ററിലുണ്ടായിരുന്നു. 9.30 ന് സഹപ്രവർത്തകന്റെ ബൈക്കിൽ പയറ്റടി ബലിക്കടവിന് സമീപത്തെത്തി. ഈ സ്ഥലത്തു നിന്നും ബിനുവിന്റെ വീട്ടിലേക്കുള്ള ദൂരം ഏകദേശം 300 മീറ്ററാണ്.ഈ 300 മീറ്ററിനുള്ളിൽ എന്തു സംഭവിച്ചു എന്ന് കണ്ടെത്താൻ കഴിയാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ബിനുവിന്റെ ഫോൺ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ മറ്റൊരു ഫോൺ ഇവിടെ നിന്നു കണ്ടെത്തിയെങ്കിലും സംശയകരമായ ഒന്നുമില്ല എന്ന നിലപാടിലാണ് പൊലീസ്. ഫോറസിക് വിഭാഗത്തിൽ ഉൾപ്പെട്ട ഡോക്ടർമാരുടെ അഭിപ്രായത്തിൽ വെള്ളത്തിലുള്ള വീഴ്ചയിൽ തലയിൽ ഇത്രയും മാരകമായ മുറിവുണ്ടാകാനുള്ള സാദ്ധ്യതയില്ലെന്നാണ് പറയപ്പെടുന്നത്. ശക്തമായ മഴയുണ്ടായിരുന്നതിനാൽ തോട്ടിൽ എഴ് അടിയോളം വെള്ളം ഉണ്ടായിരുന്നു. നീരൊഴുക്കും ശക്തമായിരുന്നു. ബിനു വീണെന്നു കരുതുന്ന സ്ഥലം ഏതെന്ന് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഈ തോടിന്റെ ഭാഗത്തു നിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാറി പേരക്കുഴി ഭാഗത്തുള്ള വയലിൽ നിന്നാണ് മൃതദേഹം പിറ്റേ ദിവസം രാവിലെ കണ്ടെത്തിയത്. ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും അന്വേഷണത്തിന് പുരോഗതി ഉണ്ടാകുന്നില്ല എന്നാണ് ഇവരുടെ പരാതി. അദ്ധ്യാപക സംഘടന ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.