kazhakkoottam

ഐ.ടി കേന്ദ്രമായ കഴക്കൂട്ടം തലസ്ഥാന നഗരിയുടെ കവാടമെന്ന നിലയിലാണ് അറിയപ്പെടുന്നത്. അഭൂതപൂർവമായ വാഹനത്തിരക്ക് അനുഭവപ്പെടുന്ന ഈ പ്രദേശത്ത് കുറെക്കാലമായി നടക്കുന്ന പാതനവീകരണ പ്രവർത്തനങ്ങൾ കഴക്കൂട്ടത്തുകാർക്കു മാത്രമല്ല ഇതുവഴി സഞ്ചരിക്കുന്ന സകലരുടെയും ക്ഷമ പരീക്ഷിക്കുന്ന വിധത്തിലാണ്. ആദ്യം ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട പണികളായിരുന്നു. ആവശ്യമായത്ര ബദൽ നടപടികൾ സ്വീകരിച്ചുകൊണ്ട് പാത നിർമ്മാണം നടന്നതിനാൽ ആർക്കും വലിയ തോതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ല. ബൈപാസ് നിർമ്മാണം പൂർത്തിയായി നാലുവരി ഗതാഗതം തുടങ്ങിയപ്പോഴാണ് കഴക്കൂട്ടം ജംഗ്‌ഷനിലും വികസനം കൂടിയേ തീരൂ എന്ന് അധികൃതർക്ക് ബോദ്ധ്യമായത്.

പ്രതിദിനം പതിനായിരക്കണക്കിനു വാഹനങ്ങൾ വരികയും പോവുകയും ചെയ്യുന്ന ടെക്നോപാർക്കിനു മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ കഴക്കൂട്ടം മുതൽ ടെക്നോപാർക്ക് വരെ മേൽപ്പാത എന്ന ആശയമുദിച്ചത് അങ്ങനെയാണ്. മേൽപ്പാതയുടെ നിർമ്മാണം തുടങ്ങിയതോടെ ബൈപാസിലെ ഗതാഗതം വീണ്ടും താറുമാറായി. ഇരുവശത്തുമുള്ള സർവീസ് റോഡുകൾക്ക് ഉൾക്കൊള്ളാനാകാത്ത വിധമാണ് വാഹനത്തിരക്ക്. എന്നിരുന്നാലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയും ട്രാഫിക് വാർഡന്മാരെ നിയോഗിച്ചുമൊക്കെ കാര്യങ്ങൾ ഒരുവിധം ഭംഗിയായി നടക്കുന്നതിനിടയിലാണ് കഴക്കൂട്ടത്തു മേൽപ്പാലം നിർമ്മാണം തുടങ്ങിയത്.

പൈലിംഗിനുള്ള പണി തുടങ്ങുന്നതിനു മുമ്പേ നിലവിലുള്ള ദേശീയപാതയുടെ ഇരുവശത്തും സർവീസ് റോഡുകൾ നിർമ്മിക്കണമെന്ന് വിവരമുള്ളവരെല്ലാം നിർദ്ദേശിച്ചതാണ്. എന്നാൽ ആരും അതു ചെവിക്കൊണ്ടില്ല. പൈലിംഗ് പണി തുടങ്ങുകയും പ്രധാന പാത അടയ്ക്കുകയും ചെയ്തപ്പോഴാണ് ബുദ്ധിമുട്ട് ശരിക്കും ബോദ്ധ്യപ്പെട്ടത്. സദാ വാഹനങ്ങൾ തൊട്ടുതൊട്ടു നീങ്ങിക്കൊണ്ടിരുന്ന പ്രദേശത്ത് പ്രധാന റോഡ് അടയ്ക്കുമ്പോൾ സംഭവിക്കാവുന്ന ഗതാഗതക്കുരുക്കിനെ അറിയാത്തവരല്ല അധികൃതർ.

സമയത്തും കാലത്തും ഒരു നടപടിയും എടുക്കാതെ ജനങ്ങളെ പരമാവധി കഷ്ടപ്പെടുത്താൻ മാത്രം ശീലിച്ചിട്ടുള്ളവർ കഴക്കൂട്ടത്തും അത് ആവർത്തിച്ചതിന്റെ തീരാദുരിതമാണ് നാട്ടുകാരും വാഹനയാത്രക്കാരും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സർവീസ് റോഡുകളില്ലാതെ മണ്ണിലും ചെളിയിലൂടെയുമാണ് ഈ ഭാഗത്തു കൂടി ഇപ്പോൾ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായി മഴ കൂടിയായപ്പോൾ പ്രദേശമാകെ ചെളിക്കുഴിയായി. ഇതുവഴിയുള്ള യാത്രയാകട്ടെ വലിയൊരു അഭ്യാസവുമായി. ഇരുചക്രവാഹനക്കാരും ചെറു വാഹനങ്ങളും ഈ ഭാഗത്ത് അപകടങ്ങളിൽപ്പെടുന്നത് പതിവായി.

ജനങ്ങളിൽ നിന്ന് നിരന്തരം മുറവിളി ഉയർന്നിട്ടും വലിയ വാഹനങ്ങളെയെങ്കിലും വഴിതിരിച്ചു വിടാൻ നടപടി ഉണ്ടായില്ല. ഒടുവിൽ ജനരോദനം കഴിഞ്ഞ ദിവസമാണ് ഭരണസിരാകേന്ദ്രത്തിലെത്തിയതെന്നു തോന്നുന്നു. തിരുവനന്തപുരത്തുകാരൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്യോഗസ്ഥന്മാരുമായി സ്ഥലം സന്ദർശിച്ച് അത്യാവശ്യം വേണ്ട ചില പരിഹാര നടപടികൾക്ക് നിർദ്ദേശം നൽകിയതിന്റെ പശ്ചാത്തലം ഇതാണ്. സർവീസ് റോഡായി ഉപയോഗിക്കുന്ന സ്ഥലത്ത് അടിഞ്ഞുകൂടിയ ചെളിക്കെട്ട് നീക്കി ഗതാഗതം സുഗമമാക്കാനും വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടാനും ബസ് സ്റ്റോപ്പ് സ്ഥാപിക്കാനുമുള്ള നടപടികളുണ്ടാവും. രണ്ടുമാസത്തിനകം സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

കഷ്ടിച്ച് ഒരുകിലോമീറ്ററിലധികം മാത്രം ദൈർഘ്യം വരുന്ന സർവീസ് റോഡുകൾ പ്രധാന പാത അടയ്ക്കും മുമ്പേ തന്നെ പൂർത്തിയാക്കാൻ കഴിയുമായിരുന്നു. അത്തരത്തിലുള്ള ആസൂത്രണമോ ദൂരക്കാഴ്ചയോ ഇല്ലാത്തതാണ് ഇതുപോലുള്ള പ്രതിസന്ധികളുടെ മൂല കാരണം. പ്രതിസന്ധികൾ ജനങ്ങളെ വീർപ്പുമുട്ടിക്കുമ്പോൾ ഇടപെട്ടു പരിഹാരം കാണുന്നതിനു പകരം അത്തരം സാഹചര്യങ്ങൾ ഉണ്ടാകാതെ ദീർഘവീക്ഷണത്തോടെ കാ‌ര്യങ്ങൾ ചെയ്യുന്നതിലാണ് മിടുക്ക്.

പാത നവീകരണം പോലുള്ള പ്രവൃത്തികൾ അനിവാര്യം തന്നെയാണ്. അതോടൊപ്പം നിലവിലുള്ള ഗതാഗതം തടസപ്പെടാതിരിക്കാൻ പാകത്തിൽ ബദൽ ക്രമീകരണങ്ങൾ ഉറപ്പാക്കാനുള്ള ബാദ്ധ്യതയും അധികൃതർക്ക് ഉണ്ട്. കഴക്കൂട്ടത്തു മാത്രമല്ല പാത നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന മറ്റിടങ്ങൾക്കും ബാധകമാണിത്. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥപ്രമുഖരുടെയും കണ്ണും കാതും സദാ തുറന്നിരിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്.

നിത്യജീവിതത്തിനു തടസമുണ്ടാക്കുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ അടിയന്തര പരിഹാരം ജനങ്ങൾ ആവശ്യപ്പെടുക സ്വാഭാവികമാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന റോഡ് പണിയുമായി ബന്ധപ്പെട്ടും ഇതുപോലുള്ള ദുർഘടങ്ങൾ കാണാം. ശരിയായ ആസൂത്രണമുണ്ടെങ്കിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിക്കാനാകും.

പത്തുദിവസത്തിലധികമായി തുടരുന്ന മഴ പതിവുപോലെ ഏറ്റവം പ്രതികൂലമായി ബാധിച്ചിരിക്കുന്നത് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള റോഡുകളെയാണ്. കാൽനട പോലും അസാദ്ധ്യമാകും വിധത്തിലാണ് ഒട്ടുമിക്ക പാതകളുടെയും അവസ്ഥ. കാലവർഷം തുടങ്ങുന്നതിനു മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ റോഡുകളും കനത്ത മഴയിൽ തകർന്ന് പഴയ സ്ഥിതിയിലായി. ഗുണനിലവാരം ഉറപ്പുവരുത്തി നിർമ്മിച്ച റോഡുകൾ മാത്രമേ തകരാതെ ശേഷിക്കുന്നുള്ളൂ.

എല്ലാ വർഷവും മഴയിൽ ഒലിച്ചുപോകുന്ന റോഡുകൾക്കായി മാത്രം മരാമത്തു വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നല്ലൊരു പങ്ക് മാറ്റിവയ്ക്കേണ്ടിവരുന്നു.ഏതു കാലാവസ്ഥയിലും തകരാത്ത റോഡുകൾ ഒട്ടുമിക്ക ജില്ലകളിലും കാണാം. പുതുതായി ഏറ്റെടുക്കുന്ന പാത വികസന പ്രവൃത്തികൾ നിലവാരം ഉറപ്പാക്കിക്കൊണ്ടാണ് പൂർത്തിയാക്കുന്നത്. ആദ്യം വലിയ മുതൽ മുടക്കു വേണ്ടിവരുമെങ്കിലും നിരവധി വർഷം കേടുപാടില്ലാതെ കിടക്കുമെന്ന മേന്മയുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യം വരുമ്പോൾ ഇത്തരം പാതകളാണ് ഏതൊരു സംസ്ഥാനത്തിന്റെയും പുരോഗതിയുടെ അളവുകോലാകുന്നത്.