1

തിരുവനന്തപുരം: കൊവിഡ് മൂലം മന്ദഗതിയിലായിരുന്ന പത്താം ക്ളാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ രണ്ടാം വോളിയത്തിന്റെ വിതരണം രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങും. അടുത്തമാസം പകുതിയോടെ മുഴുവൻ സ്കൂളുകളിലുമെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. അച്ചടിയുടെ 30 ശതമാനം പൂർത്തിയായി. ധൃതഗതിയിൽ അച്ചടി നടന്നു വരികയാണ്. 183 ടൈറ്റിലുകളിലായി 2.12 കോടി പുസ്തകങ്ങളാണ് രണ്ടാം വോളിയത്തിൽ അച്ചടിക്കുന്നത്. കാക്കനാട്ടെ കെ.ബി.പി.എസിന്റെ പ്രസിൽ അച്ചടിക്കുന്ന പുസ്തകങ്ങൾ ജില്ലകളിലെ ഡിപ്പോകളിൽ എത്തിക്കാൻ കെ.ബി.പി.എസിന് സൗകര്യമില്ലാത്തതിനാൽ ഇക്കുറി വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഏറ്റെടുത്ത് വിതരണം നടത്തുകയാണ്.

ഒന്നാം വോളിയത്തിൽ 3.3 കോടി പുസ്തകങ്ങളാണ് അച്ചടിച്ചത്. ഇതിൽ 3.1 കോടി പുസ്തകങ്ങൾ സ്കൂളുകൾക്ക് വിതരണം ചെയ്തു. ചില അൺഎയ്ഡഡ് സ്കൂളുകൾ പുസ്തകം വാങ്ങാത്തതിനാലാണ് മുഴുവൻ പുസ്തകങ്ങളുടെയും വിതരണം തീർക്കാൻ പറ്റാത്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

3292 സൊസൈറ്റികൾ വഴി എ.ഇ.ഒ മാരാണ് പുസ്തകങ്ങൾ സ്കൂളുകളിലെത്തിക്കുന്നത്. സ്കൂളുകൾ കൂടുതലുള്ള മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ 25 ദിവസവും മറ്റ് ജില്ലകളിൽ 20 ദിവസം കൊണ്ടുമാണ് വിതരണം നടത്തുന്നത്. കഴിഞ്ഞ വർഷം രണ്ടാം വോളിയം പുസ്തകങ്ങൾ സെപ്തംബർ 30 ന് വിതരണം ചെയ്ത് തീർത്തിരുന്നു.