തിരുവനന്തപുരം: കഴക്കൂട്ടം സർവീസ് റോഡ് രണ്ടു മാസത്തിനുള്ളിൽ ശരിയാക്കാമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി അറിയിച്ചിട്ടും പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നില്ല. കോൺഗ്രസ് പ്രവർത്തകരുടെ വകയായിരുന്നു ഇന്നലത്തെ പ്രതിഷേധം. ചെളിക്കുണ്ടിൽ ഞാറും വാഴയും നട്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. എലിവേറ്റഡ് ഹൈവേ നിർമാണത്തെ തുടർന്ന് ദേശീയപാതയിൽ യാത്രാദുരിതം തുടങ്ങിയിട്ട് നാലുമാസം കഴിഞ്ഞു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്റെ മുൻവശം മുതൽ ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ സർവീസ് റോഡിൽ വഴിയേത് കുഴിയേത് എന്നറിയാത്ത സ്ഥിതിയാണ്. അരക്കിലോമീറ്റർ ദൂരത്തിൽ റോഡേയില്ല, ഉള്ളത് ചെളിക്കുളമാണ്. ഇതുകാരണം ഗതാഗതക്കുരുക്കും പതിവാണ്. ബസിൽ നിന്നിറങ്ങുന്ന യാത്രക്കാർ വീഴുന്നതും, ഇരുചക്രവാഹനങ്ങൾ കുഴിയിൽ മറിയുന്നതും വാഹനം കൂട്ടിയിടിക്കുന്നതുമൊക്കെ ഇവിടെ നിത്യസംഭവങ്ങളാണ്. കാൽനട യാത്രികർക്ക് പോലും ഇതുവഴി പോകാൻ കഴിയില്ല. നേരത്തെയുണ്ടായിരുന്ന റോഡിന്റെ സമീപത്തുകൂടിയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സർവീസ് റോഡ് നിർമിച്ചത്. മഴ കനത്തതോടെ സർവീസ് റോഡിൽ വെള്ളം കെട്ടിനിന്നു വലിയ കുഴികൾ രൂപപ്പെട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് ഇവിടെ ട്രാഫിക് വാർഡൻമാരെ നിയോഗിച്ചിട്ടുണ്ട്. ഒരുവശത്ത് കൂടിയുള്ള ഗതാഗതം സുഗമമാക്കുന്നതിന് സർവീസ് റോഡ് നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനുപകരം സർവീസ് റോഡെന്ന പേരിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണുമാറ്റി താത്കാലിക പാതയൊരുക്കുക മാത്രമാണ് ചെയ്തത്. ഈ ഭാഗത്ത് പൈലിംഗ് പൂർത്തിയാകാൻ ഒരു മാസമെങ്കിലുമെടുക്കും. കഴക്കൂട്ടം ജംഗ്ഷനിലെ ചില കെട്ടിടങ്ങൾ പൊളിക്കുകയും കേബിളുകളും പൈപ്പ് ലൈനുകളും മാറ്റുകയും ചെയ്‌ത ശേഷമേ സർവീസ് റോഡ് നിർമിക്കാനാകൂ. അതുവരെ യാത്രാദുരിതം തുടരുമെന്ന് സാരം. വെട്ടുറോഡിൽ നിന്നു വരുന്ന വാഹനങ്ങളെ പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്ന് പുതിയ സർവീസ് റോഡിലൂടെയാണ് ദിവസങ്ങളായി കടത്തിവിടുന്നത്.
നിബന്ധന പാലിച്ചില്ല
ദേശീയപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് കഴക്കൂട്ടത്ത് മിഷൻ ആശുപത്രി മുതൽ ടെക്‌നോപാർക്ക് ഫേസ് ത്രീ വരെ എലിവേറ്റഡ് ഹൈവേ നിർമാണത്തിന് അനുമതി നൽകിയത്. നിർമ്മാണത്തിന്റെ ഭാഗമായി ടെക്‌നോപാർക്ക് ഫേസ് ത്രീ മുതൽ കഴക്കൂട്ടം കുളങ്ങര വരെ പ്രധാന റോഡിന്റെ ഇരുവശത്തും ബൈപാസ് വികസനത്തിന്റെ ഭാഗമായി സർവീസ് റോഡ് നിർമ്മിച്ചിരുന്നു. എന്നാൽ എലിവേറ്റഡ് ഹൈവെ നിർമ്മാണം കഴക്കൂട്ടം ജംഗഷനിലെത്തിയപ്പോൾ പദ്ധതിയുടെ ഭാഗമായി ഇരുവശത്തും ഏറ്റെടുത്ത സ്ഥലത്ത് ജംഗ്ഷൻ മുതൽ മിഷൻ ആശുപത്രിവരെ താത്കാലിക സർവീസ് റോഡ് നിർമ്മിച്ചിട്ടെ മറ്റ് നിർമ്മാണ പ്രവർത്തികൾ തുടങ്ങാവൂ എന്ന നിബന്ധന പാലിക്കപ്പെട്ടില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.
ഞാറുനട്ട് പ്രതിഷേധം
കഴക്കൂട്ടത്തെ യാത്രാ ദുരിതം പരിഹരിക്കാൻ സർവിസ് റോഡുകൾ ഉടൻ നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ ചെളിക്കുണ്ടിൽ ഞാറും വാഴയും നട്ട് പ്രതിഷേധിച്ചു. മേയറായിരുന്ന വി.കെ. പ്രശാന്ത് എം.എൽ.എയായതോടെ കഴക്കൂട്ടം നാഥനില്ലാത്ത അവസ്ഥയിലാണെന്നും പ്രശ്‌നം ഉടൻ പരിഹരിച്ചില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കളായ എം.എ. ലത്തീഫും അഡ്വ.ജെ.എസ്. അഖിലും പറഞ്ഞു.