ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ നഗരസഭാ മാർക്കറ്റ് അവഗണനയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം. പുതിയ കെട്ടിടങ്ങൾ വന്നിട്ടും പുരോഗമിക്കാത്ത നിലയിലാണ് ഇപ്പോഴത്തെ പോക്ക്. കൊവിഡ് കാലംകൂടി ആയതോടെ മാർക്കറ്റ് കാടുകയറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. ഒരുകാലത്ത് ഗ്രാമീണ മേഖലയിൽ നിന്നു നിരവധിപേർ ഇവിടെ എത്തി കച്ചവടം നടത്തുമായിരുന്നു. ഏതു സമയത്തും സാധനങ്ങൾ വാങ്ങാനാവുമെന്നതിനാൽ നല്ല തിരക്കുമായിരുന്നു. എന്നാൽ കൂടുതൽ യാത്രാ സൗകര്യമുള്ള സ്ഥലത്ത് നാലൂമുക്കിൽ സ്വകാര്യ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതോടെ കച്ചവടക്കാരും സാധനങ്ങൾ വാങ്ങുന്നവരും ക്രമേണ അവിടേക്ക് ആകൃഷ്ടരായി. ഇതോടെ നഗരസഭയുടെ സ്വന്തം മാർക്കറ്റ് ക്ഷയിച്ചു തുടങ്ങി. വരുമാനം കുറഞ്ഞതോടെ മാർക്കറ്റിലെ വികസനങ്ങളും മുരടിച്ചു.
പ്രധാന പ്രശ്നങ്ങൾ
കഴിഞ്ഞ ഭരണ സമിതിക്കാലത്ത് 12 ലക്ഷം രൂപ ചെല വിട്ട് മത്സ്യ കച്ചവടത്തിനായി ഒരുക്കിയ സ്ഥലം ഇന്ന് അറവു മാടുകളെ കെട്ടുന്ന സ്ഥലമായി മാറിയിരിക്കുകയാണ്.
മാർക്കറ്റിനുള്ളിലെ സ്ലാട്ടർ ഹൗസ് പതിനഞ്ചു വർഷം മുൻപ് നിർമ്മിച്ചതാണ്. പഴയ മാർഗം ഉപയോഗിച്ചാണ് ഇപ്പോഴും ഇവിടെ കശാപ്പ് നടക്കുന്നത്.
2017-18 കാലത്ത് 4 കോടി ചെലവിട്ട് അത്യന്താധുനിക സ്ലാട്ടർ ഹൗസ് നിർമ്മിക്കാൻ ശുചിത്വ മിഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല.
മാർക്കറ്റിനുള്ളിൽ ലക്ഷങ്ങൾ മുടക്കി 2014 ൽ നിർമ്മിച്ച ബയോഗ്യാസ് പ്ലാന്റ് 6 കൊല്ലത്തിനിടെ പ്രവർത്തിച്ചത് ആദ്യകാലത്ത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ്.
മാർക്കറ്റിന്റെ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ എം.പി ഫണ്ടിൽ നിന്നും അഞ്ചര ലക്ഷം രൂപ ചെലവിട്ട് മാർക്കറ്റിനുള്ളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഇതും യഥാവിധം പ്രവർത്തിക്കുന്നില്ല.
ആറ് ലൈറ്റ് ഉള്ളതിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ പ്രകാശിക്കുന്നത്
വരുമാനവും കുറഞ്ഞു
മാർക്കറ്റിൽ കച്ചവടക്കാരുടെയും വാങ്ങാൻ എത്തുന്നവരുടെയും കുറവ്കാരണം നഗരസഭയ്ക്ക് ഈ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വരുമാനം കഴിഞ്ഞ കൊല്ലത്തിന്റെ പകുതിയായി. എന്നാൽ കിഴക്കേ നാലുമുക്കിലെ സ്വകാര്യ മാർക്കറ്റിൽ നിന്നും ഒരു മുടക്കുമില്ലാതെ നഗരസഭയ്ക്ക് ഒരു വർഷം ഫീസ് ഇനത്തിൽ 6 ലക്ഷം രൂപയാണ് ലഭിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ലേല വരുമാനം 12 ലക്ഷം രൂപ
ഈ വർഷം - 6 ലക്ഷം രൂപ
പ്രതികരണം.
ഒരു കോടി രൂപ ചെലവിട്ട് അത്യന്താധുനിക സ്ലാട്ടർ ഹൗസ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ നിലവിലെ ഇറച്ചി വില്പന കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കും. ഇപ്പോൾ നടക്കുന്ന വഴിയോര മത്സ്യ കച്ചവടം ഒഴിവാക്കി മാർക്കറ്റിനുള്ളിൽ കച്ചവടത്തിനായി സൗകര്യം ഒരുക്കും. മത്സ്യ സ്റ്റാളിന്റെ അപാകതകൾ പരിഹരിക്കും.
എം.പ്രദീപ്
ചെയർമാൻ , ആറ്റിങ്ങൽ നഗരസഭ.