meenmooty

കിളിമാനൂർ: തോരാത്ത മഴയിൽ വെള്ളത്തിൽ മുങ്ങി പാടങ്ങളും, റോഡുകളും. കഴിഞ്ഞ ദിവസങ്ങളിൽ നിറുത്താതെ പെയ്യുന്ന മഴയിൽ പ്രദേശത്തെ മിക്ക വയലുകളും വെള്ളത്തിലായി. വാമനപുരം നദിയും കൈവഴിയായ ചിറ്റാറും, മീൻമുട്ടിയും നിറഞ്ഞൊഴുകി. നിരവധി പ്രദേശങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെടുകയും, വൈദ്യുതി തകരാറിലാവുകയും ചെയ്തു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ അടയമണിലും, പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂരും, നഗരൂർ പഞ്ചായയത്തിലെ ചിന്ത്ര നെല്ലൂർ ഏലാ, കീഴ്പേരൂർ, വെള്ളല്ലൂർ ചീപ്പിൽക്കട ഏലാ, നഗരൂർ ഏലാ, ഈഞ്ച മൂല, മടവൂർ പഞ്ചായത്തിലെ ചാലാം കോണം എന്നിവിടങ്ങളിൽ വ്യാപകമായി നെൽക്കൃഷി നശിച്ചു. ശക്തമായ കാറ്റിൽ നെൽച്ചെടി ഒടിഞ്ഞു വീഴുകയും ചെയ്തു. പള്ളിക്കൽ പഞ്ചായത്തിലെ ടൗൺ പാടശേഖര സമിതിയിൽപ്പെട്ട തോളൂർ - ആനകുന്നം - പുളിമാത്ത് ഏലാ തോട് പലയിടത്തും കരകവിഞ്ഞു. തോടിന്റെ സംരക്ഷണഭിത്തി തകർന്നാണ് ഏലാകളിലേക്ക് വെള്ളം കയറിയത്.

മിക്ക സ്ഥലങ്ങളിലും നെൽകൃഷിക്കൊപ്പം മരച്ചീനി, വാഴ, പച്ചക്കറി അടക്കമുള്ളവ വെള്ളത്തിനടിയിലായി.