tractotr

വക്കം: ഏലായുടെ കരയിൽ ഗ്രാമ പഞ്ചായത്ത് വക ട്രാക്ടർ തുരുമ്പെടുത്ത് നശിക്കുന്നു. കീഴാറ്റിങ്ങൽ കുളപ്പാട്ടം ഏലായുടെ കരയിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വക ട്രാക്ടറാണ് തുരുമ്പെടുത്ത് കാടുകയറിയ നിലയിൽ കിടക്കുന്നത്. കുളപ്പാട്ടം പാടശേഖര സമിതിക്ക് കാർഷിക ആവശ്യത്തിന് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് നൽകിയ ട്രാക്ടറാണ് വർഷങ്ങളായി ഏലായുടെ കരയിൽ മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നത്.

ട്രാക്ടർ ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയതായി നാട്ടുകാർ പറഞ്ഞു. അതൊടെ ഇത് വഴിയുള്ള കാൽനടയാത്രയും ദുഃസഹമായി. ട്രാക്ടർ കിടക്കുന്നതിനു പിന്നിൽ പാടശേഖര സമിതിക്ക് സ്വന്തമായി കെട്ടിടമുണ്ടെങ്കിലും അവിടെ കൊണ്ടിടാൻ പോലും ആരും ശ്രമിക്കുന്നില്ല.

ട്രാക്ടർ അറ്റകുറ്റപണികൾ നടത്താൻ കഴിഞ്ഞില്ലെങ്കിൽ അതിനെ ലേലം ചെയ്ത് വിൽക്കാനുള്ള നടപടിയെങ്കിലും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.