നാഗർകോവിൽ: തിങ്കൾചന്തയിൽ വാക്കുതർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തു. കുരുന്തൻകോട് സ്വദേശി രാജശേഖർ (43), തങ്കം (37) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ രാജശേഖർ രാത്രി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. രാജശേഖർ വീട്ടുചെലവിന് പണം നൽകാത്തതിനാൽ തങ്കം അടുത്തുള്ള കശുഅണ്ടി ഓഫീസിൽ ജോലിക്ക് പോയിരുന്നു. തങ്കം ജോലിക്ക് പോകുന്നതിനെച്ചൊല്ലി തിങ്കളാഴ്ച രാത്രി ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പുലർച്ചെ വീണ്ടും ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രാജശേഖർ വീട്ടിലുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് തങ്കത്തിനെ വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും തങ്കം മരിച്ചു. തുടർന്നുള്ള പരിശോധനയിൽ രാജശേഖറിനെ അടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരണിയൽ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശാരിപ്പള്ളം ആശുപത്രിയിലേക്ക് മാറ്റി. രാഹുൽ (10), ധനുഷ്യാ (9) എന്നിവർ മക്കളാണ്.