എഴുകോൺ: ദേശീയ പാതയോരത്തെ ഉൾപ്പടെ മൂന്ന് പള്ളി കുരിശടികളിൽ മോഷണ ശ്രമം നടന്നു. നെടുമ്പായിക്കുളം കോട്ടകുഴി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയുടെ നെടുമ്പായിക്കുളം പാലത്തിന് സമീപത്തെ കുരിശടിയിൽ നിന്ന് പണം നഷ്ടപ്പെടുകയും പള്ളിക്ക് സമീപത്തെ കുരിശടിയിലെയും നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിലെയും വഞ്ചി കുത്തി പൊളിച്ച് മോഷണ ശ്രമം നടക്കുകയും ചെയ്തു. കോട്ടകുഴി പള്ളിയുടെ കൊല്ലം തിരുമംഗലം ദേശീയ പാതയിലെ പള്ളിയുടെ സമീപത്തെ കുരിശടിയുടെ വഞ്ചി താഴത്തെ നിലയിൽ ആയതിനാലും സെന്റ് മേരീസ് പള്ളിയുടെ കുരിശടിയിലെ വഞ്ചി തുറക്കാൻ കഴിയാത്തതിനാലും മോഷണ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. വഞ്ചിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്. 21 ന് രാത്രി 12.30 നായിരുന്നു സംഭവം. രാവിലെ 4.30 ന് കുരിശടിയിൽ പ്രാർത്ഥിക്കാൻ എത്തിയ ഒരു വിശ്വാസി വഞ്ചിയുടെ പൂട്ട് പൊളിഞ്ഞു കിടക്കുന്നത് കണ്ടതിനെ തുടർന്ന് പള്ളി അധികാരികളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കൊട്ടാകുഴി പള്ളിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ചീരഞ്ഞാവ് ജംഗ്ഷന് സമീപം റെയ്ൽവേ ട്രാക്കിനോട് ചേർന്ന് ഒരു ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നതും അതിൽ നിന്നും മോഷ്ടാക്കൾ എന്ന് സംശയിക്കുന്നവർ പള്ളിയിലേക്ക് നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ അടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. രണ്ട് ആഴ്ച കൂടുമ്പോൾ തുറക്കുന്നതിനാൽ രണ്ടായിരത്തോളം രൂപ മാത്രമേ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളൂ എന്ന് കോട്ടക്കുഴി പള്ളി അധികൃതർ പറഞ്ഞു. എഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.