വിതുര: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തകർത്ത് പെയ്യുന്ന മഴ മലയോര മേഖലയിൽ കനത്ത നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഒരാഴ്ചയോളമായി പൊന്മുടി, ബോണക്കാട്, പേപ്പാറ വനമേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് വനമേഖലയിലെ നദികൾ ഗതിമാറിയൊഴുകിയിട്ടുണ്ട്. നദിയിലെ ശക്തമായ ഒഴുക്കിൽ കടപുഴകി വീണ മരങ്ങളും വലിയ പാറക്കല്ലുകളും ഒഴുകിയെത്തുന്നുണ്ട്. കനത്ത മലവെള്ളപ്പാച്ചിലുണ്ടായതോടെ ഉരുൾപ്പൊട്ടൽ ഭീതിയിലാണ് ജനങ്ങൾ. വാമനപുരം നദി ദിവസങ്ങളായി കരകവിഞ്ഞൊഴുകുകയാണ്. കുത്തൊഴുക്കിനെ തുടർന്ന് നദീതീരങ്ങൾ വ്യാപകമായി ഇടിഞ്ഞതോടൊപ്പം ഏക്കർ കണക്കിന് കൃഷിഭൂമിയും ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് വിതുര, തൊളിക്കോട് പഞ്ചായത്തുകളിലായി 16 വീടുകൾ ഭാഗികമായി തകർന്നു. അമ്പതോളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു. മഴ കാരണം വിവിധ പ്രദേശത്ത് വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്. ഇതോടെ കടക്കെണിയിലാകുമോ എന്ന ആശങ്കയിലാണ് കർഷകർ. ബോണക്കാട് എസ്റ്റേറ്റിലെ നിരവധി ലായങ്ങളുടെ മേൽക്കൂരയും മഴയത്ത് തകർന്നിട്ടുണ്ട്. ആദിവാസി മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെയും ധാരാളം വീടുകൾ തകർന്നിട്ടുണ്ട്.
പൊന്മുടി മൂടൽമഞ്ഞിൽ മുങ്ങി
പൊന്മുടി വനമേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ഇതോടെ പൊന്മുടിയിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയായി പൊന്മുടിയും പരിസരവും മഞ്ഞിൽ മുങ്ങി കിടക്കുന്നത് കൗതുക കാഴ്ചയായി മാറിയിട്ടുണ്ട്. കടുത്ത മഞ്ഞ് കാരണം ഇതുവഴിയുള്ള വാഹനയാത്രയും ദുഷ്കരമായിട്ടുണ്ട്. പകൽ കല്ലാർ ഗോൾഡൻവാലി മുതൽ വ്യാപിക്കുന്ന മഞ്ഞുവീഴ്ച 20കിലോമീറ്റർ താണ്ടി പൊന്മുടി അപ്പർസാനിറ്റോറിയം വരെ പടരും.
പേപ്പാറ ഡാം തുറന്നു
പേപ്പാറ വനമേഖലയിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇതോടെ ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടാകുകയും ഡാമിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. മൂന്ന് ദിവസങ്ങളിലായി പത്തു സെന്റിമീറ്റർ വീതം ഡാമിന്റെ ഷട്ടർ ഉയർത്തി. ഡാമിലെ ജലനിരപ്പ് ഇന്നലെ സംഭരണശേഷിയായ 107.50 ഉയർന്നു. ഇതോടെ ഇന്നലെ രാവിലെ പത്തു മണിക്ക് നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്.