ചിറയിൻകീഴ്: ശക്തമായ മഴയിലും ഊറ്റിലും ചിറയിൻകീഴ് പുളിമൂട്ടിൽ കടവിൽ നിന്നു കരുന്ത്വാക്കടവിലേക്ക് പോകുന്ന റോഡിന്റെ ഒരു ഭാഗം അടർന്ന് വാമനപുരം നദിയിൽ പതിച്ചു. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഉഗ്ര ശബ്ദത്തോടെ റോഡിന്റെ ഒരു ഭാഗം വെളളത്തിൽ വീണതിനെ തുടർന്ന് പരിസരവാസി ഉടൻ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും അധികൃതർ റോഡ് താത്കാലികമായി അടക്കുകയും ചെയ്തു. രണ്ടു വർഷം മുമ്പാണ് ഈ റോഡിന്റെ സൈഡ്‌വാളും ടാറിംഗും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചത്. ഏകദേശം പത്ത് മീറ്റർ ഭാഗം അടർന്ന് റോഡിന്റെ മദ്ധ്യഭാഗംവരെ തകർന്ന നിലയിലാണ്. ഇതിന് പുറമേ ഇന്നലെയും കുറച്ച് ഭാഗം കൂടി അടർന്നതോടെ നാട്ടുകാർ കൂടുതൽ പരിഭ്രാന്തരായി. ശക്തമായ മഴയിലും ഊറ്റിലും പെട്ട് റോഡിന്റെ ഒരു ഭാഗം പൊള്ളയാകുന്നത് പരിസരത്തുള്ള വീടുകളെയും ബാധിക്കുമോയെന്ന ഭയപ്പാടിലാണ് വീട്ടുകാർ. അമ്പതിലേറെ കുടുംബാംഗങ്ങൾ അടക്കം നിരവധി യാത്രക്കാർ കടന്നുപോകുന്ന വഴിയാണിത്. റവന്യൂ- പഞ്ചായത്ത് അധികൃതർ അടക്കമുളളവർ സ്ഥലം സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു.
വർക്കലയിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു
വർക്കല: കനത്തമഴയിൽ വർക്കല മേഖലയിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചെറുന്നീയൂർ മുടിയകോട് ഷിജിനിവാസിൽ ഷിജിയുടെ വീടാണ് ഭാഗികമായി തകർന്നത്. കണ്ണംമ്പ ചാലുവിള കാട്ടുവിളാകത്ത് വീട്ടിൽ എൻ.ശിൻപിള്ളയുടെ ഓട് പാകിയ വീടിന്റെ മേൽക്കൂര തകർന്ന് വീണു. അപകടത്തിൽ ശിവൻപിള്ളയ്ക്ക് പരിക്കേറ്റു. വർക്കല തീരദേശ മേഖലയിൽ ശക്തമായ കടൽക്ഷോഭവും കാറ്റും അനുഭവപ്പെടുന്നുണ്ട്. തീരദേശ മേഖലയിലും ഗ്രാമീണ മേഖലയിലും പലയിടത്തും വെളളക്കെട്ടും രൂപപെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി ലൈനിനു മുകളിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണവും തടസപ്പെട്ടു.