29ന് മുന്നണി യോഗം, ഇന്നും നാളെയും സി.പി.ഐ നേതൃയോഗം
തിരുവനന്തപുരം: കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തെ കൂടെകൂട്ടുന്ന കാര്യം ഒൗദ്യോഗികമായി ചർച്ച ചെയ്യാൻ ഇടതു മുന്നണി നേതൃത്വം ഒരുങ്ങുന്നു. ഈ മാസം 29ന് ഉച്ചകഴിഞ്ഞ് ചേരുന്ന മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. അതിന് മുമ്പ് ജോസ് വിഭാഗത്തിൽ നിന്ന് അനുകൂലമായ രാഷ്ട്രീയപ്രതികരണം ഉണ്ടായേക്കും. മുന്നണിയോഗത്തിന്റെ മുന്നോടിയായി 26, 27 തീയതികളിൽ സി.പി.എം സംസ്ഥാന സമിതിയും പാർട്ടി സെക്രട്ടേറിയറ്റും ചേരുന്നുണ്ട്.
രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ, സി.പി.ഐ ഇന്നും നാളെയും ചേരുന്ന പാർട്ടിയുടെ സംസ്ഥാന നിർവ്വാഹകസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ജോസ് പക്ഷത്തോടുള്ള കടുത്ത എതിർപ്പിൽ അയവ് വരുത്തിയെങ്കിലും പരസ്യമായി സി.പി. ഐ അത് പ്രകടിപ്പിച്ചിട്ടില്ല.
നേരത്തേ നടന്ന സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാറിയ രാഷ്ട്രീയ സാഹചര്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്നാണ് നിർവാഹകസമിതി ചേർന്ന് വിലയിരുത്താൻ സി.പി.ഐ നേതൃത്വം തീരുമാനിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയവിവാദങ്ങളും സി.പി.ഐ നിർവാഹകസമിതിയിൽ ഇന്ന് ചർച്ചയാവും
ജോസ് വിഭാഗം കൂടെയുണ്ടെങ്കിൽ മദ്ധ്യതിരുവിതാംകൂറിൽ ഗുണം ചെയ്യുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ.
നിയമസഭാ സീറ്റുകൾ പങ്കുവയ്ക്കുന്നതിലടക്കം വിപുലമായ ചർച്ച വേണ്ടിവരും.
ജോസഫ് പക്ഷത്തെ അയോഗ്യരാക്കാൻ സ്പീക്കർക്ക് ജോസ് വിഭാഗത്തിന്റെ കത്ത്
കഴിഞ്ഞ മാസം 24ന് നിയമസഭയിൽ നടന്ന അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും പാർട്ടി വിപ്പ് ലംഘിച്ച പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കാൻ കേരള കോൺഗ്രസ്- ജോസ് വിഭാഗം സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്ത് നൽകി.
ജോസഫിനൊപ്പമാണെങ്കിലും അസുഖം കാരണം മുതിർന്ന നേതാവ് സി.എഫ്. തോമസ് സഭാസമ്മേളനത്തിൽ ഹാജരായിരുന്നില്ല. അതിനാൽ അദ്ദേഹത്തെ അയോഗ്യനാക്കാൻ ആവശ്യപ്പെട്ടിട്ടില്ല.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടിചിഹ്നമായ രണ്ടില അനുവദിച്ച പശ്ചാത്തലത്തിലാണ് ഒൗദ്യോഗിക പക്ഷം തങ്ങളാണെന്ന നിലപാടിൽ കത്ത് കൊടുത്തത്. എന്നാൽ, പി.ജെ. ജോസഫിന്റെ ഹർജിയിൽ കമ്മിഷൻ തീരുമാനം ഹൈക്കോടതി താല്ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.
പാർട്ടി നിയമസഭാ കക്ഷി വിപ്പ് റോഷി അഗസ്റ്റിന്റെ കത്ത് ജോസ് പക്ഷത്തെ ഡോ.എൻ. ജയരാജ് എം.എൽ.എയാണ് ഇന്നലെ സ്പീക്കർക്ക് കൈമാറിയത്. റോഷി അഗസ്റ്റിൻ ക്വാറന്റൈനിലാണ്.
അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും നിഷ്പക്ഷത പാലിച്ച് വിട്ടുനിൽക്കണമെന്നായിരുന്നു റോഷി അഗസ്റ്റിൻ വിപ്പ് നൽകിയിരുന്നത്. എന്നാൽ, പി.ജെ. ജോസഫും മോൻസ് ജോസഫും അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തുണയ്ക്കുകയും ചെയ്തു.
ഈ മാസം ആറിന് കോട്ടയത്ത് ചേർന്ന ജോസ് വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് സ്പീക്കർക്ക് കത്ത് നൽകിയത്.
തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് കേരള കോൺഗ്രസ്-എം ജനപ്രതിനിധികളായി രണ്ടില ചിഹ്നത്തിൽ വിജയിച്ച് കൂറുമാറിയ അംഗങ്ങളെയും അയോഗ്യരാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു.