mullapalli-ramachandran

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സത്യസന്ധമായി അന്വേഷിക്കുന്നതിൽ നിന്ന് അന്വേഷണ ഏജൻസികളെ ആരോ വിലക്കുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കേന്ദ്ര ഏജൻസികളെപ്പറ്റി മികച്ച അഭിപ്രായമാണുള്ളത്. എന്നാൽ ആഗ്രഹിക്കുന്ന തരത്തിൽ അവർക്ക് മുന്നോട്ട് പോകാനാകുന്നില്ല. സെക്രട്ടേറിയറ്റിലെ സി.സി.ടിവി ദൃശ്യങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുക്കാനുള്ള ആർജവം ഏജൻസികൾ കാണിക്കുന്നില്ല. സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ തുടരെയുള്ള പ്രസ്താവന ഇതോടൊപ്പം കൂട്ടിവായിക്കണം. കേസ് അട്ടിമറിക്കാൻ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയുണ്ടായിട്ടുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല.

കേസന്വേഷണത്തിൽ കംസ്റ്റംസിന്റേത് കുറ്റകരമായ അലംഭാവമാണ്. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജലീൽ വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ പരസ്യ കുറ്റസമ്മതമാണ്. ഗുരുതരമായ ആരോപണങ്ങളെ ലഘൂകരിക്കാനും ശ്രദ്ധ തിരിക്കാനുമായി സാമുദായിക വികാരം ഉണർത്തിവിടാനാണ് മുഖ്യമന്ത്രിയുടെയും ജലീലിന്റെയും സി.പി.എമ്മിന്റെയും ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.