കല്ലമ്പലം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ. കൊല്ലം അയത്തിൽ വയലിൽ പുത്തൻവീട്ടിൽ റിയാമ എന്ന റിയാദാണ് ( 37) അറസ്റ്റിലായത്. കഴിഞ്ഞ വർഷം മുത്താന കെ.പി.എം.സി ജംഗ്ഷനിൽ കട നടത്തുന്ന പ്രസന്നകുമാരിയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഇതേ കേസിലെ മറ്റ് രണ്ട് പ്രതികളായ താരിഷിനെയും സത്യനെയും നേരത്തെ പിടികൂടിയിരുന്നു. മറ്റൊരു മോഷണക്കേസിലും അയിരൂർ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കച്ചവട സ്ഥാപനങ്ങളിൽ ഒറ്റയ്‌ക്കുള്ള സ്ത്രീകൾ, വഴിയാത്രക്കാരായ പ്രായമായ സ്ത്രീകൾ, ഇരുചക്ര വാഹന യാത്രക്കാരായ സ്ത്രീകൾ എന്നിവരിൽ നിന്നുമാണ് ഇയാൾ മാല പൊട്ടിക്കുന്നത്. കവർച്ചയ്ക്ക് ശേഷം മറ്റ് സംസ്ഥാനങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ അയിരൂർ സി.ഐ വി.എസ്. പ്രശാന്ത്, കല്ലമ്പലം സി.ഐ ഐ. ഫറോസ്, അയിരൂർ എസ്.ഐ ആർ. സജീവ്, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ ഫിറോസ് ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, ആർ. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.