നെടുമങ്ങാട്: സഹകരണ ബാങ്ക് ജീവനക്കാരന്റെ വിയോഗം സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും നെടുമങ്ങാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ പഴകുറ്റി ഉളിയൂർ പുലിക്കാട്ടിൽ വീട്ടിൽ രാജേഷിനു (47) ഇന്ന് ഉച്ചയ്ക്ക് കല്ലമ്പാറ ശാന്തിതീരം പൊതുശ്‌മശാനത്തിൽ നാട് യാത്രാമൊഴി നൽകും. നാട്ടുകാരുടെ ഏതാവശ്യത്തിനും ഓടിയെത്തിയിരുന്ന രാജേഷ് രണ്ടു ദിവസമായി ജലദോഷവും പനിയും കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റിന് വിധേയനായെങ്കിലും റിപ്പോർട്ട് നെഗറ്റിവായിരുന്നു. അവശനായതോടെ അഡ്മിറ്റ് ചെയ്തു. വൈകിട്ട് ആറരയോടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് കൊവിഡ് വിഭാഗത്തിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേ വാഹനത്തിൽ വച്ചാണ് മരിച്ചത്. ഇതേതുടർന്ന് പോസ്റ്റുമോർട്ടത്തിന് മുന്നോടിയായി മെഡിക്കൽ കോളേജിൽ നടത്തിയ കൊവിഡ് ടെസ്റ്റിൽ രാജേഷ് പോസിറ്റീവായിരുന്നുവെന്ന് തെളിഞ്ഞു. ജില്ലാ ആശുപത്രി ജീവനക്കാർ യഥാസമയം റഫർ ചെയ്തിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭാര്യ രാജിയും ആറു മാസം പ്രായമുള്ള പെൺകുഞ്ഞ് അക്ഷരയും ഏഴു വയസുള്ള മകൻ അക്ഷയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബാങ്കിൽ നിന്ന് വായ്പ എടുത്ത് വീട് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഭീമമായ കടബാദ്ധ്യതയ്ക്ക് നടുവിലാണ് കുടുംബം. അച്ഛന്റെ മരണത്തെ തുടർന്ന് അമ്മ മഹേശ്വരി പപ്പടം ഉണ്ടാക്കി കടകളിൽ വിറ്റാണ് രാജേഷിനെ വളർത്തിയത്. ഡി.വൈ.എഫ്.ഐയുടെയും കെ.എസ്.കെ.ടി.യുവിന്റെയും സജീവ പ്രവർത്തകനായിരുന്നു. ബാങ്കിൽ കളക്ഷൻ ഏജന്റായിട്ടായിരുന്നു നിയമനം. 10 വർഷമായി സി.പി.എം എൻ.ഇ.എസ്‌ ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറിയാണ്. ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകനെയാണ് നഷ്ടമായതെന്നും കൊവിഡ് പരിശോധനയിൽ അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും സി.പി.എം പൂവത്തൂർ ലോക്കൽ സെക്രട്ടറി എസ്.എസ്. ബിജു ആവശ്യപ്പെട്ടു.