തിരുവനന്തപുരം: വർഷങ്ങളായി തലസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന പൂവാറിലെ കപ്പൽ നിർമ്മാണ ശാല ' കരയ്‌ക്കടുക്കില്ല '. പദ്ധതി പൂർണമായി ഉപേക്ഷിച്ചെന്ന് സർക്കാർ വ്യക്തമാക്കിയില്ലെങ്കിലും സമീപഭാവിയിൽ
കപ്പൽശാല യാഥാർത്ഥ്യമാകില്ലെന്ന് ഉറപ്പായി. വിഴിഞ്ഞം തുറമുഖം പൂർത്തിയാകുമ്പോൾ അതിനുപിന്നാലെ കപ്പൽശാല വരുമെന്നായിരുന്നു പ്രതീക്ഷ. തിരുവനന്തപുരത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകുമായിരുന്ന കപ്പൽശാലയ്ക്കായി ഈ സർക്കാർ അധികാരത്തിലെത്തിയപ്പോഴും കേന്ദ്രസർക്കാരിന് നിവേദനങ്ങൾ നൽകിയിരുന്നു. ഒടുവിൽ സംസ്ഥാന സർക്കാർ തന്നെ മുൻകൈയെടുത്ത് കപ്പൽശാല വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കൊച്ചി കപ്പൽ നിർമ്മാണ ശാലയ്ക്ക് ക്ഷീണം സംഭവിക്കുമെന്ന ആശങ്കയാണ് ഇതിനുപിന്നിലെന്നാണ് സൂചന. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിശ്ചയിച്ച നോഡൽ ഏജൻസിയായ മുംബയ് പോർട്ട് ട്രസ്റ്റാണ് പടിഞ്ഞാറൻ തീരത്ത് കപ്പൽ നിർമ്മാണ ശാല ആരംഭിക്കാൻ പറ്രിയ സ്ഥലമായി പൂവാറിനെ കണ്ടെത്തിയത്. ഇവിടെ വാണിജ്യ ആവശ്യത്തിനും കിഴക്കൻ തീരത്തെ വിശാഖപട്ടണം സൈനിക ആവശ്യത്തിനുമുള്ള കപ്പൽശാലകളാക്കാമെന്നായിരുന്നു നിർദ്ദേശം. ഷിപ്പ് ബിൽഡിംഗ് യാർഡ് ആരംഭിക്കാൻ കൊച്ചി ഷിപ്പ്‌യാർഡ് 2008 കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളിലൊന്നും പൂവാറായിരുന്നു. 2011ലാണ് കേരളത്തിൽ കപ്പൽ നിർമ്മാണ ശാലയ്‌യ്ക്കായി കേന്ദ്രസർക്കാർ അനുമതി ലഭിച്ചത്. പൂവാറിനെയാണ് കേന്ദ്രം കണ്ടെത്തിയതെങ്കിലും ആദ്യം അഴീക്കലിൽ കപ്പൽ നിർമ്മാണശാല ആരംഭിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തിയിരുന്നു. ഇതിന്റെ പ്രാഥമിക പഠനം നടത്തുന്നതിനായി 2014ൽ സംസ്ഥാന സർക്കാർ 90 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ അഴീക്കൽ കപ്പൽ നിർമ്മാണശാലയ്ക്ക് അനുയോജ്യമല്ലാത്ത സ്ഥലമാണെന്ന് കണ്ടെത്തിയതോടെയാണ് പൂവാറിലേക്ക് പദ്ധതിയെത്തിയത്.
പൂവാറിൽ ലക്ഷ്യമിട്ടത്
--------------------------------------
വൻകിട മദർ വെസലുകൾ, സൂപ്പർ ടാങ്കറുകൾ, ബൾക്ക് കാരിയറുകൾ, മെഗാ ക്രൂയിസ് ഷിപ്പ് തുടങ്ങിയ വമ്പൻ കപ്പലുകളുടെ നിർമ്മാണവും റിപ്പയറിംഗും നടത്തുന്ന ഷിപ്പ്‌യാർഡ്. വിഴിഞ്ഞത്തിന് പത്ത് കിലോമീറ്റർ മാത്രം അകലെയാണിത്. വിഴിഞ്ഞത്തിന്റെ കാര്യക്ഷമത വർദ്ധിക്കണമെങ്കിൽ പൂവാർ ഷിപ്പ്‌യാർഡും അനിവാര്യം.
പ്രത്യേകത
24-30 മീറ്രർ പ്രകൃതിദത്ത ആഴം
രാജ്യാന്തര കപ്പൽ പാതയോട് ഇന്ത്യയിൽ ഏറ്റവും അടുത്ത്
(10 നോട്ടിക്കൽ മൈൽ) ഒരു ലക്ഷത്തോളം ചെറുതും വലുതുമായ
കപ്പലുകളാണ് ഒരു വർഷം ഇതുവഴി പോകുന്നത്.
ഒന്നര കിലോമീറ്രർ നീളത്തിൽ ആരെയും കുടിയൊഴിപ്പിക്കേണ്ടി വരില്ല
വേലിയേറ്ര - വേലിയിറക്ക അനുപാതം കുറവ്
ഭാരശേഷി പരിശോധന കേന്ദ്രം (ബൊള്ളാഡ‌് പുൾ
ടെസ്റ്രിംഗ് സ്റ്രേഷൻ) സമീപം
കൂറ്രൻ മദർ വെസലുകൾക്ക് ഉൾപ്പെടെ
അറ്രകുറ്രപ്പണികൾക്ക് സൗകര്യം
വർഷാവർഷമുള്ള മണ്ണ് നീക്കൽ ചെലവില്ല
വ്യവസായത്തിന് ഗുണം, പക്ഷേ...
--------------------------------------------------------
നിരവധി വ്യവസായ യൂണിറ്റുകൾ കപ്പൽശാലയ്ക്ക് അനുബന്ധമായി വേണ്ടിവരും. കെൽട്രോൺ, കേരള ഓട്ടോമൊബൈൽസ്, വി.എസ്.എസ്.സി തുടങ്ങിയവയ്ക്കെല്ലാം പ്രയോജനകരമാണ് പദ്ധതി. സമീപ പ്രദേശങ്ങളിലെല്ലാം വ്യവസായ വികസനമുണ്ടാകും. യാട്ടുകളുടെ അറ്രകുറ്റപ്പണികളും ഷിപ്പ്‌യാർഡിൽ നടത്താമെന്നതിനാൽ യാട്ട് മറീന പദ്ധതിക്കും സാദ്ധ്യതയുണ്ടായിരുന്നു. നിരവധി എൻജിനിയർമാർക്ക് തൊഴിലും ലഭിക്കും. 2000 ജീവനക്കാർക്കും 10,000 തൊഴിലാളികൾക്കും നേരിട്ട് ജോലി ലഭിക്കും. കപ്പൽശാല വന്നാൽ നികുതി വരുമാനവും വർദ്ധിപ്പിക്കും. നിരവധി വ്യവസായ ശാലകൾക്ക് വളരുകയും ചെയ്യാം.