chennithala

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സത്യം പുറത്ത് വരണമെങ്കിൽ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതിനുള്ള സാഹചര്യം ഒത്തുവന്നിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫിന്റെ സ്പീക്കപ് കേരള മൂന്നാംഘട്ട സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തുമായി മന്ത്രി കെ.ടി. ജലീലിന് ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ചു. ഇതുതന്നെയാണ് പ്രതിപക്ഷവും പറഞ്ഞുകൊണ്ടിരുന്നത്.

രണ്ട് വോട്ടിനായി ഏത് വർഗീയതയെയും ആവേശത്തോടെ ആലിംഗനം ചെയ്യുന്നയാളായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാറി. ഇ.എം.എസും പി. കൃഷ്ണപിള്ളയുമൊക്കെയിരുന്ന കസേരയിലിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും പച്ചയ്ക്ക് വർഗീയത പറയുകയാണ്.
ഇത്രയധികം ദുർഗന്ധം പരത്തിയ സർക്കാർ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. സ്‌പ്രിൻക്ലർ അഴിമതി പ്രതിപക്ഷം പുറത്തെത്തിച്ചപ്പോൾ അതന്വേഷിക്കാൻ കമ്മിറ്റിയെ വയ്ക്കുമെന്ന് പറഞ്ഞു. ഇതുവരെ കമ്മിറ്റി ചേർന്നിട്ടില്ല. പമ്പാ മണൽക്കടത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പറഞ്ഞ് സർക്കാരിന് കത്തയച്ചെങ്കിലും അനങ്ങിയില്ല. തിരുവനന്തപുരം വിജിലൻസ് കോടതി നാൽപ്പത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടപ്പോൾ ഹൈക്കോടതിയിൽ പോയി സ്‌റ്റേ വാങ്ങിച്ചു.

ഇരുപത് കോടിയുടെ ലൈഫ് പദ്ധതിക്ക് ഒമ്പത് കോടി കമ്മിഷൻ ലോകത്തെങ്ങും കേട്ടിട്ടില്ലാത്തതാണ്. റെഡ്ക്രസന്റും കേരളസർക്കാരുമായി ഒപ്പിട്ട എം.ഒ.യുവിന്റെ പകർപ്പ് പ്രതിപക്ഷ നേതാവെന്ന നിലയിൽ ചോദിച്ചിട്ട് ഒന്നര മാസമായിട്ടും തന്നില്ല. സമരം ചെയ്യുന്ന വിദ്യാർത്ഥി, യുവജന നേതാക്കൾക്ക് നേരേ പൊലീസ് നരനായാട്ട് നടത്തിയ ജനകീയപ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, എം.എം. ഹസൻ, ഹംസ കൊണ്ടോട്ടില, ടി.വി. ഇബ്രാഹിം, ബീമാപള്ളി റഷീദ്, ജോയി എബ്രഹാം, ജോണി നെല്ലൂർ, അനൂപ് ജേക്കബ്, ബാബു ദിവാകരൻ, റാം മോഹൻ, എം. വിൻസന്റ്, എം.പി. സാജു, നെയ്യാറ്റിൻകര സനൽ, സോളമൻ അലക്സ് തുടങ്ങിയവർ പങ്കെടുത്തു.