തിരുവനന്തപുരം: 2015ൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി നിയമസഭയിൽ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇടത് അംഗങ്ങൾ നിയമസഭയ്ക്കകത്ത് കാട്ടിക്കൂട്ടിയ അക്രമങ്ങൾക്കും നശീകരണങ്ങൾക്കും പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കുന്നതുവരെ കേസ് തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രത്യേക കോടതിയെ സമീപിക്കുകയും തന്റെ വാദം കോടതി അംഗീകരിച്ച് കേസ് തുടരാൻ നിർദ്ദേശിക്കുകയുമായിരുന്നു. നിയമസഭയിൽ അക്രമം നടത്തുകയും സ്പീക്കറുടെ കസേരയടക്കമുള്ളവ തല്ലിത്തകർക്കുകയും ചെയ്ത ഇപ്പോഴത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ, വ്യവസായ മന്ത്രി ഇ.പി. ജയരാജൻ എന്നിവരടക്കമുള്ള ഇടത് അംഗങ്ങൾക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസുകളെടുത്തിരുന്നത്. ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് പിൻവലിക്കാനുള്ള നീക്കങ്ങൾ നടന്നു. അതിനെതിരെയാണ് കോടതിയിൽ പോയതെന്നും ചെന്നിത്തല വ്യക്തമാക്കി.