ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തന സജ്ജമായ കേരളത്തിലെ ആദ്യത്തെ സാമൂഹ്യ സുരക്ഷാ സമുച്ചയമായ ജി. കാർത്തികേയൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിച്ചു. സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളുടെ സാമൂഹ്യ സുരക്ഷയ്ക്ക് പ്രയോജനകരമാകുന്ന നിരവധി സംവിധാനങ്ങൾ ഈ മൂന്നുനില മന്ദിരത്തിലൂടെ ഒരു കുടക്കീഴിൽ സജ്ജമാക്കിയാണ് മന്ദിര നിർമാണം പൂർത്തിയാക്കിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പകൽവീട്, ബഡ്സ് സ്കൂൾ, വനിത വിശ്രമ മുറികൾ, വൃദ്ധർക്ക് വേണ്ടിയുള്ള റിക്രിയേഷൻ ക്ലബ്. ഒന്നാം നിലയിൽ പാലിയേറ്റിവ് കെയർ സെന്റർ, ഫിസിയോതെറാപ്പി സെന്റർ, ഡിജിറ്റൽ ലൈബ്രറി, കമ്മ്യൂണിറ്റി ഹാൾ. രണ്ടാം നിലയിൽ മിനി കോൺഫറസ് ഹാൾ, വനിത സ്വയം തൊഴിൽ യൂണിറ്റ്, തൊഴിൽ പരിശീലന കേന്ദ്രം. മൂന്നാം നിലയിൽ വീഡിയോ കോൺഫറസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ജനവിഭാഗങ്ങൾക്ക് വളരെയേറെ പ്രയോജനപ്പെടുന്ന സാമൂഹ്യ സുരക്ഷാപദ്ധതികൾ പ്രയോജനപ്പെടുത്താനും ഗ്രാമീണ ജനതയ്ക്ക് മെഡിക്കൽ കോളേജിലും ശ്രീചിത്രയിലും ആർ.സി.സിയിലും നേരിട്ട് ബന്ധപ്പെടാനുമുള്ള ഇൻഫർമേഷൻ സെന്ററും പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. പഞ്ചായത്തിന്റെ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടിയോളം രൂപ ചെലവിലാണ് സാമൂഹ്യ സുരക്ഷാസമുച്ചയം യാഥാർത്ഥ്യമായത്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് ഓൺലൈനിലൂടെ നടന്ന ഉദ്ഘാടനത്തിൽ മന്ത്രി അറിയിച്ചു. കേരളത്തിലെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഓട്ടിസം സെന്ററുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അടൂർ പ്രകാശ് എം.പി പകൽവീട് ബഡ്സ് സ്കൂൾ ഇൻഫർമേഷൻ സെന്ററുകളുടെ ഉദ്ഘാടനവും കെ.എസ്. ശബരീനാഥൻ എം.എൽ.എ കോൺഫറൻസ് ഹാളുകളുടെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസറുദീൻ, ഗ്രാമ പഞ്ചായത്ത് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി എം.എസ്. സുധീരൻ എന്നിവർ സംസാരിച്ചു.