തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി കെ.എം.മാണിയുടെ ബഡ്ജറ്റ് അവതരണം തടയാൻ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷം അക്രമം കാട്ടിയ കേസ് പിൻവലിക്കാൻ വിസമ്മതിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, സർക്കാരിന്റെ ആവശ്യം നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതും നീതിനിർവ്വഹണത്തിന്റെ മുഖത്ത് അടിയ്ക്കുന്നതിനു തുല്യവുമാണെന്ന് തുറന്നടിച്ചു.
സഭയിൽ കാട്ടിയ അക്രമത്തെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്. സഭയ്ക്കുള്ളിൽ ക്രിമിനൽ കുറ്റം ചെയ്യാൻ സാമാജികർക്ക് യാതൊരു അവകാശവും ഇല്ല.
നിയമം നിർമ്മിക്കാൻ ബാധ്യസ്ഥരായ നിയമസഭാ സാമാജികർതന്നെ നിയമലംഘനം നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. കുറ്റം ചെയ്തവർ ശിക്ഷിയ്ക്കപ്പെടണം.കുറ്റം ചെയ്തിരിയ്ക്കുന്നത് നിയമസഭാ സാമാജികരും അത് ചെയ്തത് നിയമ സഭയ്ക്കുള്ളിലുമാണെന്നത് ഗൗരവം വർദ്ധിപ്പിയ്ക്കുന്നു.
പൊതുജന താല്പര്യം മുൻനിറുത്തി കേസ് പിൻവലിക്കണമെന്നായിരുന്നു സർക്കാർ വാദം. ഈ വാദത്തെ അപലപനീയമെന്നാണ് കോടതി പറഞ്ഞത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ.ജയകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കുമ്പോൾ എതിർവാദവും കേൾക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു.
കേസ് വീണ്ടും പരിഗണിയ്ക്കന്ന ഒക്ടോബർ 15 എല്ലാ പ്രതികളും നേരിട്ട് ഹാജരാകണം
വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ,ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ,എം.എൽ.എമാരായ കെ.അജിത് ,സി.കെ.സദാശിവൻ,കുഞ്ഞഹമ്മദ്, മുൻ എം.എൽ.എ വി.ശിവൻകുട്ടി എന്നീ ആറുപേരാണ് പ്രതികൾ. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്നാണ് ക്രെെംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
അന്നത്തെ നിയമസഭാ സെക്രട്ടറിയാണ് പൊലീസിൽ പരാതിപ്പെട്ടത്. പ്രതികളെ ചോദ്യം ചെയ്യാനോ,തെളിവുകൾ ശേഖരിയ്ക്കാനോ പൊലീസിന് സ്പീക്കറുടെ അനുമതി ലഭ്യമായിരുന്നില്ല.
അക്രമം ഇങ്ങനെ
2015 മാർച്ച് 13ന് ബഡ്ജറ്റ് അവതരിപ്പിയ്ക്കാനെത്തിയ ധനമന്ത്രി കെ.എം.മാണിയെ തടയാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല. ആ ദേഷ്യത്തിലാണ് ഇടതുപക്ഷ എം.എൽ.എ മാർ ഡയസിൽ അതിക്രമിച്ച് കടന്ന് സ്പീക്കറുടെ കസേരയും മെെക്കും കമ്പ്യൂട്ടറും പാനലുകളും അടക്കം അടിച്ച് തകർത്തത്.
കോടതി പറഞ്ഞത്
# നിയമസഭയിൽ വോട്ട് ചെയ്യാനും സംസാരിയ്ക്കാനും അപ്പുറമുള്ള യാതൊരു പരിരക്ഷയും ഇന്ത്യൻ ഭരണഘടന സാമാജികർക്ക് അനുവദിയ്ക്കുന്നില്ല
# രണ്ട് ലക്ഷത്തിൽപ്പരം രൂപയുടെ നാശ നഷ്ടം ശരിയ്ക്കും സർക്കാരിനുണ്ടായ നഷ്ടമല്ല, മറിച്ച് കേരളത്തിലെ നികുതിദായകർക്ക് മൊത്തത്തിൽ ഉണ്ടായ നഷ്ടമാണ് .
# പൊതുജനത്തിന്റെ സ്വത്തും പൊതുമുതലും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.
# പൊതുമുതൽ നശിപ്പിയ്ക്കുന്നവരെ സംരക്ഷിയ്ക്കുകയല്ല വേണ്ടത്.
നിയമസഭയിലെ കൈയാങ്കളി:
കോടതി തീരുമാനം അംഗീകരിക്കും
തിരുവനന്തപുരം: നിയമസഭയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എം. മാണിയുടെ ബഡ്ജറ്റവതരണവേളയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ കോടതിയുടെ തീരുമാനം അംഗീകരിച്ച് പോവുകയെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോടതികൾ അവരുടേതായ സ്വതന്ത്രനിലപാട് വച്ചിട്ടാകുമല്ലോ കാര്യങ്ങൾ വിലയിരുത്തുക. അതിന് ശേഷം ചിലപ്പോൾ സർക്കാർവാദം അംഗീകരിച്ചെന്ന് വരും. അംഗീകരിച്ചില്ലെന്നും വരും. കോടതി തീരുമാനം വന്നുകഴിഞ്ഞാൽ അത് അംഗീകരിച്ചുപോവുകയെന്നേ സർക്കാർ നിലപാടുള്ളൂ. പൊതുമുതൽ നശിപ്പിച്ച കേസ് അവസാനിപ്പിക്കാൻ സർക്കാർ ഇടപെട്ടതിൽ ഒരു തെറ്റായ സന്ദേശവുമുണ്ടായിട്ടില്ല. നിയമസഭയിൽ പല കാര്യങ്ങളിലും അംഗങ്ങൾ തമ്മിൽ ചർച്ച ചെയ്യുമ്പോൾ വീറോടെയും വാശിയോടെയുമുള്ള ഇടപെടലുകളുണ്ടാവാറുണ്ട്. അത് സാധാരണ നാട്ടിൽ നടക്കുന്നത് പോലെ പകയോടെ മുന്നോട്ട് പോകുന്ന നിലയല്ല. അതിന്റെ ഭാഗമായി സ്വാഭാവികമായും അന്തരീക്ഷം ശാന്തമാകുമ്പോൾ അവിടെ തന്നെ ചർച്ച ചെയ്ത് പരിഹരിക്കാറാണ് പതിവ്.