തിരുവനന്തപുരം:കൊവിഡ് വ്യാപനം കുറയാതെ തലസ്ഥാനം. ഇന്നലെ 681പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 526 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ ഉറവിടം വ്യക്തമല്ല.12 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 23 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി.11 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കടയ്ക്കാവൂർ സ്വദേശിനി ലത (40), നെടുമങ്ങാട് സ്വദേശി ധർമ്മദാസൻ (67), വെഞ്ഞാറമ്മൂട് സ്വദേശി അരവിന്ദാക്ഷൻ നായർ (68), അരുവിക്കര സ്വദേശി രാധാകൃഷ്ണൻ (68), കരിമഠം കോളനി സ്വദേശി സെയ്ദാലി (30),പാറശാല സ്വദേശിനി പ്രീജി (38), വള്ളക്കടവ് സ്വദേശി ഷമീർ (38),പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68),പെരുങ്കുഴി സ്വദേശി അപ്പു (70), ചിറയിൻകീഴ് സ്വദേശി ബാലകൃഷ്ണൻ (81),വട്ടിയൂർക്കാവ് സ്വദേശി സുരേന്ദ്രൻ (54) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 290 പേർ സ്ത്രീകളും 391 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 65 പേരും 60 വയസിനു മുകളിലുള്ള 106 പേരുമുണ്ട്. ജില്ലയിൽ ഇന്നലെ 2,071 പേർ രോഗനിരീക്ഷണത്തിലായി. 2,413 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.കൊവിഡ് പോസിറ്റീവായ 20 ഗർഭിണികളും 22 കുട്ടികളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ - 26,245
വീടുകളിൽ - 21,693
ആശുപത്രിയിൽ - 4,011