life

തിരുവനന്തപുരം: സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലേകാൽ കോടി കമ്മിഷൻ തട്ടിയത് വിജിലൻസ് അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കി. വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ എന്ത് ഇടപാടുകളും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയാണ് ആഭ്യന്തരസെക്രട്ടറി ടി.കെ.ജോസ് ഇന്നലെ രാത്രി ഉത്തരവിറക്കിയത്. ഇതിന്റെഫയലിൽ മുഖ്യമന്ത്രി ശനിയാഴ്ച ഒപ്പുവച്ചിരുന്നു.

ലൈഫ് മിഷനിൽ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് വെളിപ്പെടുത്തിയ നാലേകാൽ കോടിയുടെ കോഴ മന്ത്രി തോമസ് ഐസക് സ്ഥിരീകരിക്കുകയും, വിജിലൻസ് അന്വേഷണത്തിന് സി.പി.എം നേതൃത്വം പച്ചക്കൊടി കാട്ടുകയും ചെയ്തിട്ടും സർക്കാരിന് അനക്കമില്ലെന്ന് സെപ്‌റ്റംബർ പത്തിന് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.

യു.എ.ഇ റെഡ്ക്രസന്റ് പ്രളയബാധിതർക്ക് ഭവനനിർമ്മാണത്തിന് നൽകിയ ഇരുപതു കോടിയിൽ നാലേകാൽ കോടിയാണ് സ്വപ്നയും സംഘവും അടിച്ചുമാറ്റിയത്.

ആദ്യ ഗഡുവായ 3.2 കോടി അപ്പാടെ അടിച്ചെടുത്തു. രണ്ടാംഗഡുവിൽ നിന്നാണ് സ്വർണക്കടത്ത് പ്രതി സന്ദീപിന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 75ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തത്. കോഴയായി തട്ടിയെടുത്തത് ലൈഫ്പദ്ധതിയിൽ106വീടുകൾ വയ്ക്കാനുള്ള പണമാണ്.

കരാറിലെ കോഴക്കുരുക്ക്

ഇരുപത് കോടിയുടെ വിദേശസഹായം രാജ്യത്ത് എത്തിക്കാൻ മാത്രമായിരുന്നു ലൈഫ് മിഷനും റെഡ്ക്രസന്റുമായി ധാരണാപത്രം. വിദേശസഹായത്തോടെയുള്ള പദ്ധതികളിൽ 50% തുക ഭരണച്ചെലവിന് ഉപയോഗിക്കാം. വടക്കാഞ്ചേരി പദ്ധതിക്ക് കേന്ദ്രാനുമതി നേടിയിട്ടില്ലെങ്കിലും, ഈ പഴുത് മുതലെടുക്കാനാണ് കോൺസുൽ ജനറലിന്റെ പേരിൽ നിർമ്മാണ കരാറുണ്ടാക്കിയത്.

അന്വേഷണ വിഷയങ്ങൾ

@വടക്കാഞ്ചേരിയിലെ ചരിവുള്ള ഭൂമി ഫ്ലാറ്റ് നിർമ്മാണത്തിന് അനുയോജ്യമല്ലെന്നും നിർമ്മാണത്തിന് ഗുണനിലവാരമില്ലെന്നുമുള്ള ആരോപണം.

@വിദേശനാണ്യ വിനിമയത്തിനുള്ള കേന്ദ്രചട്ടങ്ങളഉം നടപടിക്രമങ്ങളും ലംഘിച്ച് ശിവശങ്കർ ക്രമക്കേട് കാട്ടിയെന്ന പരാതി

@ റെഡ്ക്രസന്റിന്റെ ധാരണാപത്രത്തിലെ അറബി ഭാഗം അറബിക് അദ്ധ്യാപകർ സർട്ടിഫൈ ചെയതില്ല

@ഗവർണറുടെ പേരിലല്ലാതെ കരാർ ഒപ്പിട്ടതും ഉദ്യോഗസ്ഥ വീഴ്ചകളും