കോവളം: തുറമുഖങ്ങളിലെ ക്രൂചെയ്‌ഞ്ചിംഗ് വേഗത്തിലാക്കാൻ ധ്വനിയും മിത്രയുമെത്തും. ജെട്ടികളിലെത്തുന്ന കപ്പലുകളെ കെട്ടിവലിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി തുറമുഖ വകുപ്പിന്റെ രണ്ട് ടഗ്ഗുകൾ സജ്ജമായി. ഗോവയിലെ വിജയ് മറൈൻ ഷിപ്പ്യാർഡിൽ നിർമ്മിച്ച ടഗ്ഗുകളുടെ ട്രയൽ റണ്ണും പൂർത്തിയായതായി തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു. രണ്ട് ടഗ്ഗുകളിലൊന്ന് തിങ്കളാഴ്ച ബേപ്പൂർ തുറമുഖത്തും രണ്ടാമത്തേത് ഒക്ടോബർ ആദ്യവാരത്തോടെ കണ്ണൂരിലെ അഴീക്കൽ തുറമുഖത്തുമെത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ബേപ്പൂരിലേക്ക് ധ്വനിയും കണ്ണൂരിലേക്ക് മിത്രയുമാണ് ഏർപ്പെടുത്തുക. രണ്ടു ടഗ്ഗിനുമായി 6.4കോടി രൂപയാണ് നിർമ്മാണച്ചെലവ്. ബേപ്പൂരിലുണ്ടായിരുന്ന തുറമുഖ വകുപ്പിന്റെ ചാലിയാർ എന്ന മോട്ടോർ ടഗ്ഗുപയോഗിച്ചാണ് നിലവിൽ വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ചിംഗ് നടക്കുന്നത്. പുതിയ ടഗ്ഗുകളെത്തുന്നതോടെ ക്രൂചെയ്ഞ്ചിംഗ് അടക്കമുള്ള വേഗത്തിലാകുമെന്ന് മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെറോമിക് ജോർജ് പറഞ്ഞു.