തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്‌പീഡ് റെയിൽപ്പാതയ്ക്കായി സ്ഥലമെടുപ്പിനുള്ള ഭരണാനുമതി ഒരു മാസത്തിനകം സർക്കാർ നൽകും. പതിനൊന്ന് ജില്ലകളിൽ സ്ഥലമെടുപ്പിന് ലാൻഡ് അക്വിസിഷൻ സെല്ലുകളും ഉടൻ ആരംഭിക്കും.
പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി വേഗത്തിൽ നേടിയെടുക്കാനും ,സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കാനും റെയിൽ വികസന കോർപറേഷനെ ചുമതലപ്പെടുത്തി.
11ജില്ലകളിലായി 1226 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 1074.19ഹെക്ടർ സ്വകാര്യഭൂമിയും 107.98ഹെക്ടർ സർക്കാർ ഭൂമിയുമാണ്. നിലവിലെ റെയിൽപ്പാതയ്ക്ക് അരികിലുള്ള 200ഹെക്ടർ റെയിൽവേ ഭൂമി പദ്ധതിക്കായി കൈമാറും. ഇതിന്റെ വിലയായ 900 കോടി സംസ്ഥാനം നൽകണം.
ഭൂമിയേറ്റെടുക്കാൻ 8656 കോടി സംസ്ഥാനം മുടക്കണം. ഈ തുക ഹഡ്കോയിൽ നിന്ന് വായ്പയെടുത്തേക്കും. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ രണ്ടു മുതൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകും. വീട്, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്കും ഇരട്ടി വില ലഭിക്കും. പരമാവധി കുറച്ച് സ്ഥലമേ ഏറ്റെടുക്കൂ. ജനവാസ മേഖലകൾ ഒഴിവാക്കും. പാതയ്ക്കു സമീപം സർവീസ് റോഡുകൾ വരുന്നതോടെ ഭൂമി നൽകുന്നവർക്ക് മെച്ചപ്പെട്ട റോഡ് സൗകര്യം ലഭിക്കും. ഭൂമിയുടെ വില വർദ്ധിക്കും.
റെയിൽപ്പാതകൾ, ദേശീയപാതകൾ, സംസ്ഥാന പാതകൾ, മറ്റു റോഡുകൾ എന്നിവ മുറിച്ചു കടക്കാൻ മേൽപ്പാലങ്ങൾ, അടിപ്പാതകൾ, ഫ്ലൈഓവറുകൾ എന്നിവ നിർമ്മിക്കും. ഓരോ 500 മീറ്ററിലും കാൽനടക്കാർക്ക് റെയിൽപ്പാത മുറിച്ചു കടക്കാം. ദേശീയപാതയ്ക്കു 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അതിവേഗറെയിലിന് 15 മുതൽ 25 മീറ്റർ വരെ വീതിയിലാണ് ഭൂമിയെടുപ്പ്. നെൽപ്പാടങ്ങളും കെട്ടിടങ്ങളും ഒഴിവാക്കാൻ 88 കിലോമീറ്ററിൽ ആകാശപാതയും, കോഴിക്കോട് നഗരത്തിനടിയിൽ പാതയ്‌ക്കായി തുരങ്കവും നിർമ്മിക്കും. വീടുകൾ സംരക്ഷിക്കാൻ 24 കിലോമീറ്ററിൽ കട്ട് ആൻഡ് കവർ നിർമ്മാണ രീതിയായിരിക്കും. ശക്തമായ റീട്ടെയ്‌നിംഗ് വാളുകൾ സ്ഥാപിച്ച് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കും.
ഗുണങ്ങൾ
* 529.45 കിലോമീറ്റർ സെമി-ഹൈസ്പീഡ് റെയിലിൽ നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടെത്താം.
* വാണിജ്യ, വിനോദ കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും മറ്റ് യാത്രാമാർഗങ്ങൾ വഴി ബന്ധിപ്പിക്കും
*പാത നിർമ്മാണം നേരിട്ടും അല്ലാതെയും അര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
*സൗരോർജം ഉൾപ്പെടെ ഉപയോഗിക്കുന്നതിനാൽ മലിനീകരണം കുറവായിരിക്കും.