pinaryi-

തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ഏകദേശം അവസാനഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണം വഴിയിലുപേക്ഷിച്ചിട്ടില്ല. കൃത്യമായി നടക്കുന്നുണ്ട്. എന്തോ കാരണത്താൽ അതുസംബന്ധിച്ച് വലിയതോതിൽ വാർത്തകളുണ്ടാവുന്നില്ലെന്നേയുള്ളൂ.

പാലാരിവട്ടം പാലം പൊളിച്ച് പുതിയത് നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമില്ല. നേരത്തേ തന്നെ അക്കാര്യത്തിൽ നിലപാടെടുത്തതാണ്. ഇ. ശ്രീധരനെ പോലുള്ള പ്രതിഭകൾ പാലം പൊളിക്കണമെന്ന് നിർദ്ദേശിച്ചതാണ്. അതിനോട് പൂർണമായി യോജിച്ച് അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നപ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. അതിനാൽ കാലതാമസമുണ്ടായി. ഇപ്പോൾ സുപ്രീംകോടതി അനുമതി നൽകിയ സ്ഥിതിക്ക് കഴിയാവുന്നത്ര വേഗത്തിൽ പാലം പൊളിച്ച് പുതിയത് നിർമ്മിക്കാൻ നടപടിയെടുക്കും. അതിൽ ഇ. ശ്രീധരന്റെ പങ്കാളിത്തത്തിനും ശ്രമിക്കും.

തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇല്ല

കൊവിഡ് വ്യാപനം വൻതോതിൽ കൂടുന്ന തിരുവനന്തപുരത്ത് സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പല സ്ഥലങ്ങളിലും തിരിച്ചുപോക്കുകൾ കാണുന്നുണ്ടെങ്കിലും ഇവിടെ ഞങ്ങളങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.