industry

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 3,434 കോടി രൂപയുടെ 'വ്യവസായ ഭദ്രത' സഹായ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളബാങ്ക് വഴി നബാർഡിന്റെ 225 കോടി രൂപയുടെ മൂലധനസഹായമുണ്ട്.

കേരളത്തിലെ വ്യവസായങ്ങളിൽ 70 ശതമാനവും എം.എസ്.എം.ഇകളാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ 58,826 എം.എസ്.എം.ഇകൾ ആരംഭിച്ചു. ഇതുവഴി 5,388 കോടിയുടെ നിക്ഷേപം സംസ്ഥാനത്തെത്തി. 1.6 കോടി തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

ഇടനാഴി കൊച്ചിയിലും

സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ശ്രമഫലമായി ദേശീയ വ്യവസായ ഇടനാഴിയുടെ ഒരു ഭാഗം കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി 1,878 ഏക്കർ ഭൂമി പാലക്കാട്ടും 500 ഏക്കർ എറണാകുളത്തും ഏറ്റെടുക്കും.

കൊച്ചി - സേലം ദേശീയപാതയുടെ ഇരുവശങ്ങളിലായി കേരളത്തിന്റെ സംയോജിത ക്ലസ്റ്റർ യാഥാർത്ഥ്യമാകുമ്പോൾ 10,000 പേർക്ക് നേരിട്ട് ജോലി ലഭിക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കിൻഫ്രയ്ക്കാണ് പദ്ധതിയുടെ ചുമതല. ആവശ്യമായ പണം കിഫ്ബി വഴി ലഭ്യമാക്കും. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. അനുമതികൾ ഏകജാലക സംവിധാനത്തിലൂടെ നൽകും.

ഗിഫ്റ്റ് സിറ്റിക്ക്

220 ഹെക്‌ടർ

വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ സിറ്റി 'ഗിഫ്റ്റ്' (കൊച്ചി ഗ്ലോബൽ ഇൻഡസട്രീയൽ ഫിനാൻസ് ആൻഡ് ട്രേഡ്) പദ്ധതിക്ക് 220 ഹെക്ടർ ഭൂമി ഏറ്റെടുക്കും. അടുത്ത ഫെബ്രുവരിയിൽ ഏറ്റെടുക്കൽ പൂർത്തിയാകും. വ്യവസായ-വാണിജ്യ സംരംഭങ്ങൾക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങളുള്ള കേന്ദ്രമായി കൊച്ചി മാറും. 1.2 ലക്ഷം പേർക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.