v
മാടൻകാവ് മൂളയിൽകോണം റോഡ്

വെഞ്ഞാറമൂട്: കല്ലറ ഗ്രാമപഞ്ചായത്തിലെ മിതൃമ്മലയിലുള്ള മാടൻകാവ് - മൂളയിൽകോണം റോഡ് തകർച്ചയുടെ പടവുകളിൽ. മെറ്റലിളകി റോഡ് തകർച്ചയിലായിട്ട് മൂന്ന് വർഷമായി. എട്ട് വർഷം മുമ്പാണ് മൂളയിൽകോണം മുതൽ മാടൻകാവ് വരെയുള്ള ഒരു കിലോമീറ്റർ ടാറിട്ടത്. റോഡിന്റെ ശോചനീയാവസ്ഥ കാണിച്ച് പഞ്ചായത്തിൽ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മാടൻകാവ് മൂളയിൽകോണം വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡിനെ മിതൃമ്മല ഹയർസെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർത്ഥികളാണ് ആശ്രയിക്കുന്നത്. സ്കൂൾ ബസുകളുൾപ്പെടെയുള്ള നിരവധി വാഹനങ്ങളും ഈ വഴിയെ ആശ്രയിക്കുന്നുണ്ട്. ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.

തെങ്ങുംകോട്, കൊടിതൂക്കികുന്ന്, കുറുമ്പയം, പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നതും ഇതുവഴിയാണ്. നിരവധിപേർ ആശ്രയിക്കുന്ന റോഡ് അടിയന്തരമായി ടാറിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അവഗണനയുടെ വഴി

 മാടൻകാവ് - മൂളയിൽകോണം റോഡിന്റെ ദൂരം- ഒരു കി.മി.

 മാടൻകാവ് മൂളയിൽകോണം വാർഡുകളെ ബന്ധിപ്പിക്കുന്നു

 റോഡ് തകർന്നിട്ട് മൂന്ന് വർഷം

 റോഡ് ടാറിട്ടത് എട്ട് വർഷം മുമ്പ്

 തെങ്ങുംകോട്, കൊടിതൂക്കികുന്ന്, കുറുമ്പയം പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്രയം

'മാടൻകാവ് മൂളയിൽകോണം റോഡ് 2020-2021 സാമ്പത്തിക വർഷ പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്നതിനുള്ള പ്രാരംഭ നടപടി തുടങ്ങി".

- ഡി.എസ്. ബീന, വാർഡ് മെമ്പർ

'മാടൻകാവ് റോഡ് നവീകരണത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം. വർഷങ്ങളായുള്ള പ്രദേശവാസികളു‌ടെ നിവേദനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കണം".

- കനകരാജ്,

പ്രസിഡന്റ്, ബി.ഡി.ജെ.എസ് കല്ലറ പഞ്ചായത്ത് കമ്മിറ്റി

'മൂന്ന് വർഷമായി സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവർ അനുഭവിക്കുന്ന യാത്രാദുരിതം പരിഹാരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെങ്കിൽ ജനങ്ങൾ സമരത്തിലേക്കിറങ്ങാൻ നിർബന്ധിതരാകും".

- ശ്രീ രശ്മി,

വെെസ് പ്രസിഡന്റ്, ബി.ജെ.പികല്ലറ പഞ്ചായത്ത് കമ്മിറ്റി