തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് ബംഗളൂരുവിലൂടെ രണ്ടു കാറുകളിലായി കടത്തിക്കൊണ്ട് വന്ന ഒരുകോടിയിലധികം രൂപയുടെ 203 കിലോ കഞ്ചാവ് ബാലരാമപുരത്ത് പിടികൂടി. കാറിലുണ്ടായിരുന്ന വഞ്ചിയൂർ റിഷിമംഗലം ലക്ഷ്മി ഭവനിൽ സുരേഷ്‌കുമാർ (32), മെഡിക്കൽ കോളേജ് പഴയറോഡ് നവരംഗം ലെയ്ൻ അമ്പാടി നിലയത്തിൽ ജോമിറ്റ് (38), കഠിനംകുളം പഞ്ചായത്ത്നട സ്വദേശി വിപിൻരാജ് (30) എന്നിരെ അറസ്റ്റ് ചെയ്തു. ഇവർ കൊലക്കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ്.
ഇന്നലെ രാവിലെ ഏഴോടെയാണ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് കഞ്ചാവ് പിടികൂടിയത്. കാറിനെ പിന്തുടർന്നെത്തിയ ശേഷം ബാലരാമപുരം ജംഗ്ഷന് സമീപം കൊടുനടയിൽ വച്ച് എക്‌സൈസ് വാഹനം കുറുകെയിട്ടാണ് പ്രതികളെ പിടികൂടിയത്. ഡിവൈഡറിലിടിച്ച് നിന്ന കാർ എക്‌സൈസുകാരെ ആക്രമിച്ച് മുന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘം പ്രതികളെ കീഴ്പ്പെടുത്തി. രക്ഷപെട്ട ഒരു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് തിരുവനന്തപുരത്തെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണിവർ.
നേരത്തെ ആറ്റിങ്ങലിൽ നിന്ന് കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 കോടി രൂപയുടെ 500 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. മറ്റ് പ്രതികളെ സംബന്ധിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ വലയിലാകുമെന്നും അന്വേഷണസംഘം പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി. അനികുമാർ, ജി. കൃഷ്ണ കുമാർ, ഇൻസ്‌പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർ ഹരികുമാർ രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജസീം, വിശാഖ്, സുബിൻ, രാജേഷ്, അഭിജിത്, ഷംനാദ്, ജിതേഷ്, ശ്രീലാൽ, വനിതാ ഓഫീസർമാരായ വിനീതാറാണി, അഞ്ജന എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.