തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എൻ.ഐ.എ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്ത രണ്ട് ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ ഇ തയ്ബ ഭീകരരെ വിശദമായി ചോദ്യം ചെയ്യുന്നു.
പത്ത് വർഷമായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരനുമായ കണ്ണൂർ പാപ്പിനശേരി സ്വദേശി ഷുഹൈബ്, ലഷ്കർ ഇ തയ്ബയ്ക്ക് ഹവാലാ മാർഗ്ഗത്തിൽ ഫണ്ടെത്തിക്കുന്ന ഉത്തർപ്രദേശ് ഷരൺപൂർ ദേവ്ബന്ദ് പുല്ലാസ് അക്ബർപൂർ ഗ്രാമത്തിലെ ഗുൽനവാസ് എന്നിവരാണ് പിടിയാലായത്. എൻ.ഐ.എയുടെ ആവശ്യപ്രകാരം സൗദി പൊലീസ് ഒന്നര വർഷം മുൻപ് പിടികൂടി ജയിലിലടച്ചിരുന്ന ഇവരെ സൗദിഅറേബ്യ നാടുകടത്തുകയായിരുന്നു. ഗുൽനവാസിനെതിരെ 2016ൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വാറണ്ട് ഉണ്ടായിരുന്നത്. 2008ൽ ബംഗളുരുവിൽ നടന്ന എട്ട് സ്ഫോടനക്കേസുകളിലും പ്രതിയാണ് ഷുഹൈബ്. ഇരുവർക്കുമെതിരെ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഫണ്ടെത്തിക്കുന്നതിൽ പ്രധാനി ഗുൽനവാസ്
രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടെത്തിക്കുന്നതിൽ പ്രധാനിയാണ് ഗുൽനവാസെന്ന് എൻ.ഐ.എ പറഞ്ഞു. ഭീകരർക്ക് പണമെത്തിക്കുന്ന ഹവാല സംഘത്തിലെ മുഖ്യകണ്ണിയായ ഇയാളിൽ നിന്ന് തീവ്രവാദ ഫണ്ടിംഗിന്റെ വേരുകൾ കണ്ടെത്താനാണ് ശ്രമം.
ഇന്ത്യൻ മുജാഹിദ്ദീൻ നേതാവായിരുന്ന കണ്ണൂർ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്. 2008ലെ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ ഇയാൾ ഒളിവിൽപ്പോയി. പിന്നീട് വ്യാജ പാസ്പോർട്ടിൽ സൗദിയിലേക്ക് കടന്നു. എൻ.ഐ.എ, റാ, കർണ്ണാടക എ.ടി.എസ്, ബംഗളുരു പൊലീസ് എന്നിവർ ഇരുവരെയും ചോദ്യം ചെയ്തു. ഗുൽ നവാസിനെ തിങ്കളാഴ്ച രാത്രി പേരൂർക്കട പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ച ശേഷം ചൊവ്വാഴ്ചയാണ് ഡൽഹിലേക്ക് കൊണ്ടുപോയത്. ഷുഹൈബിനെ കൊച്ചിയിലെത്തിച്ച ശേഷം അവിടെനിന്ന് ബംഗളുരുവിലേക്കും കൊണ്ടുപോയി.സൗദിയിലെ നിർമ്മാണ കമ്പനിയിലായിരുന്ന ഷുഹൈബിനെപ്പറ്റി നേരത്തേ എൻ.ഐ.എയ്ക്ക് വിവരം കിട്ടിയിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായവും തേടിയിരുന്നു.