തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതകളാണ് താൻ നേരത്തേ പറഞ്ഞതെന്നും അതിന്റെ ഭാഗമായി ചിലർക്ക് നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആ നെഞ്ചിടിപ്പ് ഇനിയും വർദ്ധിക്കുമെന്ന് തന്നെയാണ് തോന്നുന്നതെന്ന് വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
താൻ പറഞ്ഞത് സ്വർണക്കടത്തിന്റെ കാര്യമാണ്. ഖുറാൻ റമദാൻകാലത്ത് കിട്ടിയത് സ്വർണത്തിന് പകരമാവില്ലല്ലോ. അതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിൽ നിന്ന് അന്വേഷണ ഏജൻസിക്ക് എന്തോ വിവരങ്ങളെടുക്കാനുണ്ട്. അവരതെടുക്കുന്നു. അതും സ്വർണക്കടത്തുമായി എന്താണ് ബന്ധം? താൻ പറഞ്ഞത് വസ്തുതകളാണ്.
നടക്കുന്നത് കൃത്യമായ അന്വേഷണം
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് തന്നെയാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞദിവസം ആരോപിച്ചതിനെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി പഴയ നിലപാട് ആവർത്തിച്ചത്.