life-science-park

തിരുവനന്തപുരം: തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം 24 ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം കേന്ദ്രമായി മെഡിക്കൽ ഉപകരണങ്ങളുടെ വ്യവസായം തുടങ്ങുന്നതിന് വലിയ സാദ്ധ്യതയുണ്ടെന്ന് കൊവിഡിനുശേഷമുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് നാം മുന്നോട്ട് പരിപാടിയിൽ ടെറുപെൻപോൾ കമ്പനിയുടെ മുൻചെയർമാൻ പത്മകുമാർ നിർദ്ദേശം വച്ചിരുന്നു. ഇത് ഗൗരവമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈൻസ് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്.

പാലക്കാട് മെഗാ ഫുഡ്പാർക്ക്, ഒറ്റപ്പാലം ഡിഫൻസ് പാർക്ക് എന്നിവയുടെ നിർമാണവും പൂർത്തിയായി.

ചേർത്തലയിൽ മെഗാ മറൈൻ ഫുഡ് പാർക്കിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 130 കോടി രൂപയാണ് നിർമാണ ചെലവ്. ഈ പാർക്ക് വഴി 500 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലവസരവും ഉണ്ടാകും.

പാലക്കാട് ലൈറ്റ് എൻജിനീയറിംഗ് പാർക്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ഉൾപ്പെടെ ആദ്യഘട്ടം പൂർത്തിയായി.

മട്ടന്നൂരിൽ 137 കോടി ചെലവിൽ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിന് ഭരണാനുമതി നൽകി.

തോന്നയ്ക്കലിൽ ഗ്ലോബൽ ആയുർവേദ വില്ലേജ് ഒന്നാംഘട്ടം തുടങ്ങുന്നതിന് 7.45 ഏക്കർ ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറി. രണ്ടാംഘട്ടത്തിന് വർക്കലയിൽ 32 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.