balabhaskar

തിരുവനന്തപുരം: വയലിനിസ്​റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 25നും 26നും നുണപരിശോധന നടത്താൻ സി.ബി.ഐ തീരുമാനം. ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവർക്കാണ് നുണപരിശോധന.

ഡൽഹിയിലെയും ചെന്നൈയിലെയും സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ദ്ധരാണ് കൊച്ചിയിൽ നുണപരിശോധന നടത്തുക.

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിക്കൊലക്കേസിൽ ഇടുക്കി മുൻ എസ്.പി കെ.ബി.വേണുഗോപാൽ, ഡിവൈ.എസ്.പിമാരായ പി.പി.ഷംസ്, അബ്ദുൾ സലാം എന്നിവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കും. 28, 29 തീയതികളിലാണ് ഇവരുടെ നുണപരിശോധന. മൂന്നു പേർക്കും രാജ്കുമാറിന്റെ അനധികൃത കസ്​റ്റഡിയും മർദ്ദനവും അറിയാമായിരുന്നുവെന്ന സംശയത്തിലാണ് നടപടി.

ബാലുവിന്റെ മരണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടോ എന്നറിയണം. അപകടസ്ഥലത്ത് സ്വർണക്കടത്ത് പ്രതി സരിത്തിനെ കണ്ടെന്ന സോബിയുടെ മൊഴി നുണപരിശോധനയിൽ ശരിയാണെന്ന് കണ്ടാൽ, സരിത്തിനെ ജയിലിലെത്തി സി.ബി.ഐ ചോദ്യംചെയ്യും.ബാലു മരിച്ച ശേഷമാണ് പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് മൊഴികൾ. ഇത് ശരിയാണോയെന്നും കണ്ടെത്തണം. താനല്ല വാഹനമോടിച്ചതെന്ന് ഡ്രൈവർ അർജുന്റെ മൊഴിയിലെ ദുരൂഹതയും നീക്കണം. ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് കലാഭവൻ സോബിയുടെ മൊഴി. നുണപരിശോധനയിലൂടെ ഈ മൊഴികളിൽ വ്യക്തതയുണ്ടാക്കാമെന്നാണ് സിബിഐ കണക്കുകൂട്ടൽ.