തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് കൊണ്ടുവന്ന പാഴ്സലുകൾ അടച്ചുപൂട്ടിയ ലോറിയിൽ മലപ്പുറത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ച് മന്ത്രി കെ.ടി. ജലീൽ ചെയർമാനായ സി-ആപ്‌റ്റിൽ എൻ.ഐ.എ പരിശോധന നടത്തി. അന്ന് എം.ഡിയായിരുന്ന എം.അബ്ദുൽ റഹ്മാന്റെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.
മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനം എൻ.ഐ.എ പരിശോധിച്ചു. ഡ്രൈവറെയും ചോദ്യം ചെയ്തു. മന്ത്രി ജലീലിന്റെ മൊഴിയിലെ വൈരുദ്ധ്യവുമായി ബന്ധപ്പെട്ടായിരുന്നു രാവിലെയും വൈകിട്ടും രണ്ട് ഘട്ടമായി പരിശോധന. ചില നിർണായക വിവരങ്ങൾ എൻ.ഐ.എയ്ക്കു ലഭിച്ചതായാണു സൂചന. ജൂൺ 18ന് വിമാനത്താവളത്തിൽ നിന്ന് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ 32പായ്ക്കറ്റുകൾ സി-ആപ്‌റ്റിൽ എത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. പായ്ക്കറ്റുകൾ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സി-ആപ്‌റ്റിന്റെ അടച്ചുപൂട്ടിയ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി.
ഇന്നലെ രാവിലെ വട്ടിയൂർക്കാവിലെ സി-ആപ്റ്റിലെത്തിയ സംഘം യു.എ.ഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു.
സ്റ്റോറിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. സ്റ്റോറിലെ രജിസ്റ്ററുകളും പരിശോധിച്ചു. വട്ടിയൂർക്കാവ് ഓഫീസിന്റെ ചുമതലക്കാരൻ, ഡെലിവറി സ്റ്റോർ ഇൻ ചാർജ്, ഡ്രൈവർ, സെക്യൂരിറ്റി ഓഫീസർ, പ്രൊഡക്ഷൻ ഇൻ ചാർജ് എന്നിവരുടെ മൊഴിയെടുത്തു.
പിന്നീട് എൽ.ബി.എസിലെത്തി ഒരു മണിക്കൂറോളം അബ്ദുൽറഹ്മാന്റെ മൊഴിയെടുത്തു. സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയതിനു പിന്നാലെ അബ്ദുൽ റഹ്മാനെ സി-ആപ്‌റ്റിൽ നിന്ന് മാറ്റി എൽ.ബി.എസ് ഡയറക്ടറാക്കിയതും അന്വേഷിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം വീണ്ടും എൻ.ഐ.എ സംഘം സി- ആപ്റ്റിലെത്തി. തുടർന്നു മതഗ്രന്ഥം വിതരണം നടത്താനായി കൊണ്ടുപോയ വാഹനങ്ങളിൽ പരിശോധന നടത്തി. വാഹനങ്ങളുടെ ജി.പി.എസ് സംവിധാനമടക്കം പരിശോധിച്ചു. തുടർന്നു ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി. മതഗ്രന്ഥം വിതരണം ചെയ്യാൻ പോയ വാഹനത്തിൽ എടപ്പാളിനു ശേഷം ജിപിഎസ് സംവിധാനം പ്രവർത്തിച്ചില്ലെന്നു കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണു പ്രധാനമായും ഡ്രൈവറോടു ചോദിച്ചത്. ജി.പി.എസ് പ്രവർത്തിപ്പിക്കാതെ വാഹനം എവിടെയൊക്കെ പോയെന്നറിയാനായിരുന്നു പരിശോധന.
.