crime

പാറശാല: പൊഴിയൂർ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് ഇല്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണംചെയ്ത ഒരാളെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ പരുത്തിയൂർ പുതുവൽ പുരയിടത്തിൽ പൊതു പ്രവർത്തകനായ പ്രതീഷ് (28) ആണ് അറസ്റ്റിലായത്. വ്യാജമായി കൊവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ശേഷം മെഡിക്കൽ ഓഫീസറുടെ വ്യാജ സീൽ നിർമ്മിച്ച് നൂറോളം മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നതിനായി പരുത്തിയൂർ സ്വദേശിയായ മറ്റൊരാൾ സഹായിച്ചതായും ഇയാൾ വെളിപ്പെടുത്തി. കൊവിഡ് ഇല്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് പൊഴിയൂരിൽ വ്യാപകമായി കണ്ടെത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതും പ്രതി പിടിലായതും. കൊവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സാമൂഹ്യവ്യാപനം രൂക്ഷമാക്കുന്ന തരത്തിൽ നിയമവിരുദ്ധമായി വ്യാജ സർട്ടിഫിക്കറ്റ് വിതരണം നടത്തിയതിന് പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കൊവിഡ് മാനദണ്ഡം പാലിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി.പി.എം പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.