തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇന്നുമുതൽ ജോലിക്കെത്തണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഇന്നലെയിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകി. അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ ഏഴ് ദിവസത്തിനുശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറന്റൈനിൽ തുടരേണ്ടതില്ല. ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചുവേണം പൊതുമേഖലസ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കേണ്ടത്.