office

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നു. സ്‌കൂളുകൾ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ അതേപടി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസമായിരുന്ന ക്വാറന്റീൻ പകുതിയാക്കി. ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കിൽ ക്വാറന്റീൻ 14 ദിവസം തന്നെ തുടരേണ്ടി വരും. സെക്രട്ടറിയേറ്റ് അടക്കം സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഓഫീസിലെത്തണം. കൊവിഡ് മാനദണ്ഡം പാലിച്ചുവേണം പൊതുമേഖലസ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കേണ്ടത്.

ജീവനക്കാരുടെ എണ്ണം കുറഞ്ഞത് സെക്രട്ടറിയേറ്റ് ഉൾപ്പടെയുളള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നതിനുള്ള നിയന്ത്രണം നീക്കിയത്. ഇനിമുതൽ 100 ശതമാനം ജീവനക്കാരും ഓഫസിലെത്തണം. അതേസമയം സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി സംബന്ധിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ആയതിനാൽ ശനിയാഴ്ച അവധി തുടരും.

ഹോട്ടലുകളിൽ സാമൂഹിക അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുളള അനുമതിയും നൽകിയിട്ടുണ്ട്. ഹോട്ടലുകളിൽ പാഴ്സലിന് മാത്രം അനുമതിയുണ്ടായിരുന്നത് മാറ്റി ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയാകുന്നതോടെ പൊതുജീവിതം സാധാരണഗതിയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് കേസുകൾ കുത്തനെ ഉയരുമ്പോഴാണ് കൂടുതൽ ഇളവുകൾ നിലവിൽ വന്നിരിക്കുന്നത്. പുതിയ ഇളവുകളോടെ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ നിലവിൽ വന്ന നിയന്ത്രണങ്ങളാണ് നീങ്ങുന്നത്.