നെടുമങ്ങാട്: കാർ ഡ്രൈവറും ബൈക്ക് യാത്രികനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച സഹോദരങ്ങളെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും അഞ്ചംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. ഇന്നലെ വൈകിട്ട് കൊപ്പം മസ്ജിദിനു സമീപമാണ് സംഭവം. പരിക്കേറ്റ കൊപ്പം ഷൈല മൻസിലിൽ ഫിറോസ് (29), സഹോദരൻ കായ്പ്പാടി ആലുമ്മൂട് ഷാൻ നിവാസിൽ അൻസാരി (25 ), സഹോദരി ഷൈല (43), മകൾ അഫ്‌സാന (16), ബന്ധു അജ്മൽ (42) എന്നിവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരശുപറമ്പ് സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാരകായുധങ്ങളുമായി ആക്രമണം നടത്തിയതെന്ന് നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമത്തിന് നേതൃത്വം നൽകിയ യുവാവും കൂട്ടുകാരനും സഞ്ചരിച്ച ബൈക്ക് മൂന്നരയോടെ കൊപ്പം മസ്ജിദിനു സമീപത്തുവച്ച് ഒരു കാറിൽ ഉരസിയിരുന്നു. നിറുത്തിയിട്ട കാറിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. കാർ ഡ്രൈവറോട് യുവാവ് മോശമായി സംസാരിച്ചത് സംഭവ സ്ഥലത്തുണ്ടായിരുന്ന ഫിറോസും സഹോദരൻ അൻസാരിയും ചോദ്യം ചെയ്‌തിരുന്നു. നാട്ടുകാർ സംഘടിച്ചതോടെ സ്ഥലംവിട്ട യുവാവും കൂട്ടുകാരനും വൈകിട്ട് അഞ്ചോടെ സംഘം ചേർന്ന് ഫിറോസിന്റെ വീട് ആക്രമിക്കുകയായിരുന്നു. വാളും മാരകയുധങ്ങളുമായിട്ടായിരുന്നു ആക്രമണം. ഫിറോസിനെയും അൻസാരിയെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സ്ത്രീകളെ മർദ്ദിച്ചത്. കിടപ്പുരോഗിയായ ഫിറോസിന്റെ 83കാരനായ പിതാവിന്റെ കാലിൽ അക്രമികൾ പട്ടിക കൊണ്ട് അടിച്ചുപരിക്കേല്പിച്ചു. അക്രമത്തിനുശേഷം കറുത്ത സ്വിഫ്റ്റ് കാറിൽ ഇവർ രക്ഷപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. അൻസാരിയുടെ വായ്ക്ക്ക്ക് പൊട്ടലുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നെടുമങ്ങാട് സി.ഐ രാജേഷ് കുമാർ പറഞ്ഞു.