തിരുവനന്തപുരം: കേരളത്തെ മതപരമായും ജാതീയമായും വേർതിരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും സ്വജനപക്ഷപാതവും സ്വർണക്കള്ളക്കടത്തുമുൾപ്പെടെ നിരവധി ആരോപണങ്ങളാണ് പിണറായി സർക്കാരിനെതിരെ ഓരോ ദിവസവും ഉയർന്നു വരുന്നതെന്നും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇതുവരെ കാണാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഇതിന് തുരങ്കം വയ്ക്കുകയാണ് ഒരു വിഭാഗം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിലൂടെ വിനോദസഞ്ചാര മേഖലയിലും വ്യവസായ മേഖലയിലും ഉണ്ടാകുന്ന വികസനത്തിന് തടസം നിൽക്കുകയാണ് സ്വകാര്യവത്കരണത്തെ എതിർക്കുന്നവർ ചെയ്യുന്നത്. കർഷകർക്ക് ഏറ്റവും ഗുണകരമായ തീരുമാനങ്ങൾ എടുക്കുമ്പോഴും എൽ.ഡി.എഫും യു.ഡി.എഫും അതിനെതിരെ അനാവശ്യ ആരോപണങ്ങളുമായി വരികയാണ്. ഇതിനെതിരെ ശക്തമായ സമര പരിപാടികൾക്ക് എൻ.ഡി.എ തുടക്കം കുറിക്കുകയാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്. സുരേഷ്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പത്മകുമാർ,സന്ദീപ് പച്ചയിൽ, ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം,ശിവസേന രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പെരിങ്ങമല അജി,സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി. ഫിലിപ്പ്, ജോണി ജേക്കബ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് തുടങ്ങിയവർ സംസാരിച്ചു.