'കേരളം തീവ്രവാദികൾക്ക് ഫലഭൂയിഷ്ഠമായ മണ്ണാണ് ". പാകിസ്ഥാനിൽ പരിശീലനം നേടി കാശ്മീരിൽ ഇന്ത്യൻസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മലയാളി യുവാക്കളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ 2009ൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ എത്തിയ നിഗമനമാണിത്. വർഗീയ സ്വഭാവമുള്ള തീവ്രവാദ സംഘടനകൾ പിടിമുറുക്കിയത് മൂലം സംസ്ഥാനത്ത് സ്ഫോടനാത്മകമായ സാഹചര്യമാണ് നിലവിലുള്ളതെന്നും 11 വർഷം മുമ്പ് ഐ.ബി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
മൻമോഹൻസിംഗിന്റെ കാലത്തെ ആ റിപ്പോർട്ടിൽ കേരളത്തെക്കുറിച്ച് 'ഗുരുതരം" എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. യുവാക്കളെ തീവ്രവാദസംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളതെന്നും അതിൽ പറയുന്നു. വർഷങ്ങളായി ബി.ജെ.പി ഈ സത്യം വിളിച്ചുപറഞ്ഞപ്പോൾ ഞങ്ങളെ വർഗീയവാദികളെന്ന് മുദ്രകുത്തിയവർ മറിച്ച് ചിന്തിച്ചു തുടങ്ങിയത് അന്നുമുതലാണ്. മാറി മാറി ഇടതുവലതു സർക്കാരുകൾ വോട്ട്ബാങ്കിനായി ഒരു വിഭാഗത്തിനെ പ്രീണിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങളോട് സന്ധി ചെയ്യുകയും ചെയ്യുന്നതിനെയാണ് രാഷ്ട്രീയ സംരക്ഷണം എന്നതുകൊണ്ട് ഐ.ബി ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്. 11 വർഷത്തിനിപ്പുറം ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനം ആഗോളഭീകര സംഘടനയായ ഐസിസിന്റെ ശക്തമായ കേന്ദ്രമാണ്. ഇതിലേക്ക് നിരവധി യുവാക്കളാണ് കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടത്. അഫ്ഗാനിലും സിറിയയിലുമെല്ലാം മരിച്ചു വീണ ഭീകരരിൽ പലരും കാസർകോട്ടുകാരും മലപ്പുറംകാരുമൊക്കെയാണെന്ന് അറിയാമായിരുന്ന നമുക്ക് ആ വാർത്ത പ്രത്യേകിച്ച് ഒരു പുതുമയുള്ളത് പോലുമല്ലാതായിരിക്കുന്നു.
പൊലീസ് നിഷ്ക്രിയം
എറണാകുളത്ത് ദേശീയ അന്വേഷണ ഏജൻസി മൂന്ന് അൽക്വ ഇദ ഭീകരരെ പിടികൂടിയതോടെ കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന ബി.ജെ.പിയുടെ ആരോപണം കൂടുതൽ തെളിഞ്ഞു . കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തിൽ ഭീകരവാദസാന്നിദ്ധ്യം ശക്തമാണെന്ന മുന്നറിയിപ്പുണ്ട്. എന്നാൽ സംസ്ഥാനത്ത് നിർജ്ജീവമായി കിടക്കുന്ന ഭീകരവിരുദ്ധ സ്ക്വാഡ് പുനരുജ്ജീവിപ്പിക്കാനോ ജാഗ്രത വർദ്ധിപ്പിക്കാനോ സർക്കാർ തയ്യാറായില്ല. പൊലീസ് സേനയിൽ തീവ്രവാദികളുടെ ആശയപ്രചരണത്തിന് പച്ചവെളിച്ചം എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. പൊലീസ് ആസ്ഥാനത്ത് നിന്നും തീവ്രവാദസംഘടനകൾക്ക് ഇമെയിൽ ചോർത്തിയതിന് സസ്പെൻഷനിലായ അത്തരം സംഘടനകളുമായി ബന്ധമുള്ള എസ്.ഐയെ ഈ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്താണ് തങ്ങളുടെ കൃതജ്ഞത അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിവില്ലാഞ്ഞിട്ടല്ല മറിച്ച് 2009ലെ ഐ.ബി റിപ്പോർട്ട് പോലെ പൊലീസിനെ വരിഞ്ഞുമുറുക്കുന്ന രാഷ്ട്രീയ സമ്മർദ്ദമാണ് കേരളത്തിൽ ഭീകരവാദം ശക്തമാകാൻ കാരണം. പാനായിക്കുളം തീവ്രവാദ കേസും വാഗമൺസിമി ക്യാമ്പും നാറാത്ത് ഭീകരവാദ ട്രെയിനിംഗും കനകമല ക്യാമ്പും കണ്ടുപിടിക്കാൻ സംസ്ഥാന പൊലീസിന് കഴിയാതിരുന്നത് രാഷ്ട്രീയ സമ്മർദ്ദം ഉള്ളതിനാലാണ്.
സ്വർണക്കടത്തും ഭീകരവാദവും
ഗൾഫ് മേഖലയുമായി കേരളത്തിനുള്ള അടുത്ത ബന്ധം മറയാക്കിയാണ് ഇവിടെ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ തങ്ങളുടെ രഹസ്യ സെല്ലുകൾ രൂപവത്കരിച്ചിരിക്കുന്നത്. കേരളത്തിലേക്ക് സ്വർണക്കടത്ത് നടത്തി രാജ്യത്തിന്റെ സാമ്പത്തികരംഗം തകർക്കാനും ഭീകരവാദപ്രവർത്തനത്തിന് കരുത്ത് പകരാനും ഇതേ മാർഗം ഉപയോഗിക്കുന്നതായി ഇപ്പോൾ എല്ലാവർക്കും ബോദ്ധ്യമായി. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാർ വരെ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രതിക്കൂട്ടിലാവുമ്പോൾ കേരളത്തെ കുറിച്ച് ഐ.ബി പറഞ്ഞ ഗുരുതരം എന്ന വാക്ക് അർത്ഥവത്താകുകയാണ്. അന്താരാഷ്ട്ര സ്വർണക്കടത്ത് വിവരം എൻ.ഐ.എ, എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് തുടങ്ങിയതോടെ സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടന്നതെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണപരിധിയിൽ വന്നതും സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യം ചെയ്തതും രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.
സംസ്ഥാനത്തെ എൽ.ഡി. എഫ്,യു.ഡി.എഫ് സർക്കാരുകൾ 2012 മുതൽ പൂഴ്ത്തിയത് ഭീകരവാദത്തെക്കുറിച്ചുള്ള കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആയിരത്തോളം മുന്നറിയിപ്പുകളാണ്. 2011 മുതൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പിലെ സീക്രട്ട് സെക്ഷനിൽ നിന്ന് പുറംലോകം കണ്ടിട്ടില്ല. ഭീകരപ്രവർത്തനം നടത്തുന്ന സംഘടനകൾ, അവയുടെ പ്രവർത്തകർ, അവർ പണം കണ്ടെത്തുന്ന രീതികൾ തുടങ്ങി ഓരോ പ്രദേശത്തെയും വിവരങ്ങളടക്കം നൽകിയ റിപ്പോർട്ടുകളാണ് സർക്കാരുകൾ മൂടിവച്ചത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മറവിൽ ഭീകരപ്രവർത്തനത്തിന് പണം ഒഴുകുന്നുവെന്നും കണ്ടെത്തി. ഹവാല ഇടപാടുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളിൽ അന്വേഷണം വേണമെന്ന് നിർദേശം നൽകിയിരുന്നു. മതം മാറ്റം ഭീകരവാദത്തിന്റെ ഭാഗമാണെന്ന വിവരവും നിരവധി പ്രാവശ്യം കൈമാറി. പ്രണയം നടിച്ചുള്ള മതംമാറ്റത്തിന് ആഹ്വാനമുണ്ടെന്നും ലൗ ജിഹാദ് സംസ്ഥാനത്തുടനീളം നടപ്പാക്കാൻ പദ്ധതിയുണ്ടെന്നും ഈ റിപ്പോർട്ടുകളിലുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ, കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളടക്കം ആഭ്യന്തര വകുപ്പിന്റെ രഹസ്യ വിഭാഗത്തിൽ ഇപ്പോഴും രഹസ്യമായുണ്ട്.
കേന്ദ്രസർക്കാരിന്റെ
ഇടപെടൽ
കേരളം ഭീകരവാദികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വരുന്നത്. പിന്നീട് ശക്തമായ നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. രാജ്യത്തിന്റെ പലഭാഗത്തും ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരവാദികളുടെ ശ്രമം കേന്ദ്ര ഏജൻസികൾ പരാജയപ്പെടുത്തുകയും ഹവാല, കുഴൽപ്പണ ഇടപാടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. നോട്ട് നിരോധനത്തിന് ശേഷം ഫണ്ട് വരുന്നത് നിലച്ചത് സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനങ്ങളെ കാര്യമായി തന്നെ ബാധിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്ത് രാജ്യത്തെ തകർക്കാനുള്ള ഭീകരവാദപ്രവർത്തനമാണെന്ന് മനസിലാക്കി മൂന്ന് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം ശക്തമാക്കാനും കേന്ദ്രസർക്കാരിന് സാധിച്ചു. രാജ്യദ്രോഹശക്തികളോട് ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടാണ് നരേന്ദ്രമോദി സർക്കാരിനുള്ളത്.
(ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകൻ)